ബിജു കരുനാഗപ്പള്ളി
അബുദാബി: ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തും. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനവേളയില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് പ്രതിരോധ മന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്.
എന്നാല്‍ സന്ദര്‍ശന ദിവസം തീരുമാനിച്ചിട്ടില്ലെന്നും നടപടികള്‍ പുരോഗമിക്കുന്നതായും യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം വ്യക്തമാക്കി. മേഖലയിലെ പ്രതിരോധ സുരക്ഷ, ഉഭയകക്ഷി ബന്ധം എന്നിവ ചര്‍ച്ചയിലൂടെ ത്വരിതപ്പെടുത്തും. യമനില്‍ കുടുങ്ങിയവരെ ‘ഇന്ത്യന്‍ റാഹത്ത്’ ഓപ്പറേഷനിലൂടെ സുരക്ഷിതസ്ഥലങ്ങളില്‍ എത്തിച്ചിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സായുധസേനാ സഹകരണവും യമന്‍ പോലുള്ള സംഭവങ്ങള്‍ ഭാവിയിലുണ്ടായാല്‍ ഇരുരാജ്യങ്ങളിലെ സായുധ സേനകള്‍ തമ്മിലുള്ള പരസ്പര സഹകരണവും ചര്‍ച്ച ചെയ്യും.
യു എ ഇയുടെ പ്രതിരോധ ആവശ്യങ്ങള്‍ അറിഞ്ഞ് ഫലപ്രദമായ പ്രതിരോധ കയറ്റുമതി വ്യാപാരം സ്ഥാപിക്കാന്‍ സന്ദര്‍ശനത്തില്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. യു എ ഇക്ക് പുറമെ ഒമാന്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും പ്രതിരോധമന്ത്രി സന്ദര്‍ശിക്കും.