ബിജു കരുനാഗപ്പള്ളി
അബുദാബി : ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം. ഇ-വിസ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി വരികയായിരുന്നു ആഭ്യന്തര മന്ത്രാലയം അധികൃതര്‍. റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പ്രവേശിക്കുന്നവരടക്കം എല്ലാവര്‍ക്കും വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധമാവുകയാണ്. ഇതിന്‍െറ ഭാഗമായി ഏപ്രില്‍ 29 മുതല്‍ വിമാന യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിച്ചിരുന്നില്ല.
വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്പോസ്റ്റുകളിലെയും നീണ്ട വരി ഒഴിവാക്കുകയാണ് ഇ-വിസ നിര്‍ബന്ധമാക്കുന്നതിന്‍െറ പ്രധാന ലക്ഷ്യം. നേരത്തെ ജി.സി.സിയില്‍ ചില പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യു.എ.ഇയിലേക്ക് വിസ ആവശ്യമായിരുന്നില്ല. പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രം അവര്‍ക്ക് അതിര്‍ത്തി കടന്ന് യാത്ര ചെയ്യാമായിരുന്നു. ഈ സൗകര്യം കൂടി ഇതോടെ ഇല്ലാതാവുകയാണ്.
അതേസമയം, 46 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്‍, ബ്രൂണെ എന്നീ ഏഷ്യന്‍ രാജ്യങ്ങളും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നവയില്‍ ഉള്‍പ്പെടും.
ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയതായി വിവിധ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തിയെന്നും ഇ-വിസ നിര്‍ബന്ധമാണെന്നുമാണ് ബോര്‍ഡുകളിലെ അറിയിപ്പ്.
ഒമാന്‍-യു.എ.ഇ അതിര്‍ത്തിയായ ഹത്തയില്‍ ഇപ്രകാരം ബോര്‍ഡ് സ്ഥാപിച്ചതിന് ശേഷം വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ ആരെയും കടത്തിവിട്ടിരുന്നില്ല. എന്നാല്‍, ഈദുല്‍ ഫിത്വ്ര്‍ അവധിക്കാലത്ത് ഇളവ് നല്‍കി ഇ-വിസയില്ലാത്തവരെയും കടത്തിവിട്ടു. ഇങ്ങനെ കടത്തിവിട്ടവരില്‍നിന്ന് 100 ദിര്‍ഹം കൂടുതല്‍ ഈടാക്കിയിരുന്നതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിസ അപേക്ഷ അംഗീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ ഇ-വിസ അയക്കും. വിഷ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം യാത്ര നടത്തിയിരിക്കണം.
30 ദിവസമാണ് യു.എ.ഇയില്‍ തങ്ങാവുന്ന കാലാവധി. അപേക്ഷ സമര്‍പ്പിച്ച് കാലാവധി ദീര്‍ഘിപ്പിക്കാന്‍ അവസരമുണ്ട്്. വിസ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തൊഴില്‍ മാറിയാല്‍ ഇഷ്യു ചെയ്ത വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ജി.സി.സി രാജ്യത്തെ താമസ പെര്‍മിറ്റില്‍ മൂന്ന് മാസത്തെ കാലാവധിയും പാസ്പോര്‍ട്ടില്‍ ആറ് മാസത്തെ കാലാവധിയുമുണ്ടായിരിക്കണം.