സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പു അവലോകനത്തിൽ കേരളം ഇത്തവണയും വലത്തോട്ട് എന്നു വിലയിരുത്തൽ. ഉമ്മൻചാണ്ടി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചുവെന്നും അത് കൃത്യമായും വോട്ടാകുമെന്നും യോഗം വിലയിരുത്തി.
സമസ്ത മേഖലകളിലുമുള്ള വികസനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്നുള്ള സത്യം പ്രവാസികളെ പോലെ കേരളത്തിലെ ജനങ്ങളും മനസിലാക്കിയിട്ടുണ്ടെന്നും ആ സത്യം എത്ര കുപ്രചാരണ കോട്ട കെട്ടിയാലും മറയ്ക്കാൻ പറ്റില്ലായെന്നും യോഗം ഒന്നടങ്കം വിലയിരുത്തി.
സ്റ്റാൻഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ വച്ച് എപ്രിൽ 24 നു ഞായറാഴ്ച വൈകുന്നേരം നടന്ന അവലോകന യോഗത്തിൽ ഹൂസ്റ്റണിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾ തങ്ങളുടെ ജില്ലകളിലെ സ്ഥാനാർഥികളെയും അവരുടെ വിജയപരാജയ സാധ്യതകളും വിലയിരുത്തി.
കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും സ്മാർട്ട് സിറ്റിയും കണ്ണൂർ വിമാനത്താവളവുമൊക്കം വിജയപാതയിൽ എത്തിക്കാൻ എല്ലാ പ്രവാസികളും തങ്ങളാണ് കഴിയുന്ന വണ്ണം ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഎൻഒസി ടെക്‌സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ബോബി മണകുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. യുഡിഎഫ് നേതാവും ഉഴവൂർ സ്വദേശിയും പ്രവാസികളുടെ സുഹൃത്തുമായിപരുന്ന ജോസ് ചെറുകരയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജോർജ് കോളാച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പു അവലോകന യോഗത്തിൽ പ്രവാസി കോൺഗ്രസ് നേതാവ് സണ്ണി കാരിയ്ക്കൽ, വവച്ചൻ മത്തായി, പൊന്നുപിള്ള തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്നു തിരഞ്ഞെടുപ്പ് തുറന്ന സംവാദം നടത്തപ്പെട്ടു. ഡോ.രഞ്ജിത് പിള്ള മോഡറേറ്ററായിരുന്നു. ചർച്ചകളിൽ ശശിധരൻ നായർ, എബ്രഹാം ഈപ്പൻ, തോമസ് ഓലിയം കുന്നേൽ, ദാനിയേൽ ചാക്കോ, ബാബു തേക്കേക്കര, ജോസ് പട്ടാണിക്കുന്നേൽ, ജിജി ഓലിക്കൽ, രാജൻ യോഹന്നാൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. എബ്രഹാം തോമസ് നന്ദി പറഞ്ഞു.