യുകെ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നിബന്ധനകള്‍ക്ക് മാറ്റം വരുത്തി. എന്നാല്‍ നിലവിലുള്ള യുകെ എന്‍എംസി രജിസ്ട്രേഷനുള്ള ഐഇഎല്‍ടിഎസ് ,ഒഇടി സ്‌കോറുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കാര്യക്ഷമമായി ജോലി നോക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടോയെന്ന് മാത്രമേ ഇനി നോക്കൂവെന്ന് എന്‍എംസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു മെക്ലന്‍ഡ് പറഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ക്ക് എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
എന്‍എംസി റജിസ്ട്രേഷന് യോഗ്യത നേടാന്‍ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകളുടെ ആകെത്തുക പരിഗണിക്കുക എന്നതാണ് ഇളവുകളില്‍ ആദ്യത്തേത്. ഇത്തരത്തില്‍ ഒന്നിലധികം ടെസ്റ്റുകളുടെ സ്‌കോറുകള്‍ സംയോജിപ്പിക്കുന്നതിന് ടെസ്റ്റുകള്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ഇടവേള 6 മാസം എന്നതില്‍ നിന്നും 12 മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷകള്‍ സംയോജിപ്പിക്കുന്നതോടെ റീഡിങ്, സ്പീക്കിങ്, ലിസണിങ് സെക്ഷനുകളില്‍ ടെസ്റ്റ് സ്‌കോര്‍ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിങ് സ്‌കോര്‍ 6 ഉം മതിയാകും. തൊഴിലുടമയ്ക്ക് അപേക്ഷകന്റെ ഇംഗ്ലീഷിലുള്ള അറിവിന് തെളിവു നല്‍കാം. സാക്ഷ്യ പത്രമാണ് കെയര്‍ഹോം മേധാവികള്‍ നല്‍കേണ്ടത്.
യുകെ മലയാളികളായ ഡോ അജിമോള്‍ പ്രദീപും ഡോ ഡില്ല ഡേവിസുമാണ് എന്‍എംസിയുടെ ഇളവുകള്‍ക്ക് കാരണക്കാര്‍. നഴ്സുമാരുടെ കുറവ് പരിഹരിക്കുക, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നഴ്സിങ് യോഗ്യതയുള്ള കെയര്‍ ജീവനക്കാര്‍ക്ക് നഴ്സുമാരായി ജോലി ചെയ്യാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എന്‍എംസിയെ സമീപിച്ചത്. ഇരുവരും കൂട്ടി ഉള്‍പ്പെട്ട എക്സ്പേര്‍ട്ട് കമ്മിറ്റി വിവരങ്ങള്‍ തേടി. ഒടുവില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന് വ്യാപക പിന്തുണ വന്നതോടെയാണ് ഇളവ്.