ബ്രിട്ടണില്‍ പുതിയ സീറോ മലബാര്‍ രൂപത: ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി

പ്രിസ്റ്റണ്‍ : ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ബ്രിട്ടണിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. രൂപതാസ്ഥാനമായ പ്രിസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിനു സമീപമുള്ള നോര്‍ത്ത് എന്‍ഡ് ഫുട്ബോള്‍ സ്റ്റേഡിയത്തിലായിരുന്നു ബ്രിട്ടണിലെ സഭാ വിശ്വാസികളുടെ ആത്മീയ സമ്മേളനമായി മാറിയ മെത്രാഭിഷേക ചടങ്ങ്.

പ്രത്യേകം തയാറാക്കിയ വേദിയില്‍ ദിവ്യബലിക്കിടെ സഭാധ്യക്ഷനായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൈവയ്പു ശുശ്രൂഷയ്ക്കുശേഷം നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച് സ്ലൈഹികാധികാരത്തിന്റെ അംശവടി കൈമാറി. പതിനായിരങ്ങള്‍ പങ്കെടുത്ത ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ആതിഥേയ രൂപതയായ ലങ്കാസ്റ്റര്‍ ബിഷപ് റവ. ഡോ. മൈക്കിള്‍ കാംബെലും മാര്‍ സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലായുടെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികരായി.bishop-uk-syro
ബ്രിട്ടണിലെ സഭാവിശ്വാസികളുടെ ആത്മീയഗുരുവായി നിയമിതനായ മാര്‍ സ്രാമ്പിക്കല്‍ സ്വര്‍ഗീയ പിതാവിനും സഭാ നേതൃത്വത്തിനും വിശ്വാസികള്‍ക്കും നന്ദിപറഞ്ഞ് പുതിയ ദൗത്യം ഏറ്റെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള നിരവധി പേര്‍ ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാകാനെത്തി. രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ അന്‍പതുപേരടങ്ങിയ ഗായകസംഘം പ്രാര്‍ഥനാഗീതങ്ങളോടെയാണ് വരവേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് 1.30ന് ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്കായി വിവിധ സീറോ മലബാര്‍ ചാപ്ലൈന്‍സികളില്‍നിന്നും സംഘങ്ങളായാണ് വിശ്വാസികളെത്തിയത്. സീറോ മലബാര്‍ സഭാ കോ-ഓര്‍ഡിനേറ്റര്‍കൂടിയായ ഫാ തോമസ് പാറയടി ജനറല്‍ കണ്‍വീനറും പ്രിസ്റ്റണ്‍ പള്ളി വികാരി ഫാ. ഡോ. മാത്യു ചൂരപൊയ്കയില്‍ ജോയിന്റ് കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികളാണ് മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വിവിധ വൈദികരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം കമ്മിറ്റികള്‍ക്കായിരുന്നു വ്യത്യസ്ത ചുമതലകള്‍.uk-bishop-preston

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജൈന്‍ രൂപതാ ബിഷപും സഭയുടെ പ്രവാസികാര്യ കമ്മിഷന്‍ ചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്തന്‍ ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബ്രിട്ടണിലെ വിവിധ ലത്തീന്‍ രൂപതകളില്‍നിന്നും പത്തു ബിഷപ്പുമാര്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷികളായി.സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. ഡാനിയേല്‍ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ബ്രിട്ടണിലെ അപ്പസ്തോലിക് നുണ്‍ഷ്യോ റവ.ഡോ. അന്റോണിയോ മെന്നീനിയുടെ പ്രത്യേക പ്രതിനിധികളായി മോണ്‍. മാറ്റിഡി മോറി, മോണ്‍. വിന്‍സന്റ് ബ്രാഡി, ഫാ. മാത്യു കമ്മിംങ്, തുടങ്ങിയവരും പ്രിസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ ജോണ്‍ കോളിന്‍സും ചടങ്ങിനെത്തി.

Top