മദ്യപിച്ച് ലക്കുകെട്ട് തെരുവില്‍ തുണിയഴിച്ചാടിയതിന് അഞ്ചുവര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 34,000 സ്ത്രീകള്‍! സംഗതി നടന്നത് ബ്രിട്ടനിലാണെന്ന് മാത്രം. പൊതുസമൂഹത്തിന് ശല്യമായ രീതിയില്‍ പെരുമാറിയതിന് 80 പൗണ്ട് ഫൈന്‍ അടയ്‌ക്കേണ്ടിവന്ന സ്ത്രീകളുടെ എണ്ണമാണിത്. മദ്യപരായ സ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന ബ്രിട്ടീഷ് പ്രദേശം ന്യൂകാസില്‍ ആണെന്നും പൊലീസ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
ന്യൂകാസിലില്‍ രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിഴയടപ്പിച്ചത് 4629 സ്ത്രീകളില്‍നിന്നാണ്. ലങ്കാഷയറാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 3596 സ്ത്രീകള്‍ ഇവിടെ കുടിച്ച് ലക്കുകെട്ട് പൊലീസില്‍നിന്ന് പിഴയടച്ച് രക്ഷപ്പെട്ടു. 3410 പിഴയടപ്പിക്കലുമായി മെഴ്‌സിസൈഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാലാം സ്ഥാനത്ത് തലസ്ഥാന നഗരമായ ലണ്ടനുമുണ്ട്.
നിശാപാര്‍ട്ടികള്‍ക്കുശേഷം ലക്കുകെട്ട് റോഡരികില്‍ കിടക്കുന്ന സ്ത്രീകളാണ് പട്രോളിങ് പൊലീസിന് തലവേദനയാകുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 34,381 സ്ത്രീകള്‍ക്ക് പിഴയടക്കേണ്ടിവന്നിട്ടുണ്ട്. ആഴ്ചയില്‍ നൂറിലേറെപ്പേര്‍ക്ക് പിഴയടപ്പിക്കുന്നു എന്നതാണ് കണക്ക്.