14 വര്‍ഷമായി കോമയിലായിരുന്ന യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. യുഎസിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സിലാണു സംഭവം. അവിടുത്തെ ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു 14 വര്‍ഷമായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായതും തിരിച്ചറിയാതെ പോയതു ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ വലിയ വീഴ്ചയാണ്. ഫീനിക്‌സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘമിപ്പോള്‍.
വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം.സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനും തീരുമാനമുണ്ട്. അതേസമയം, നവജാതശിശു ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.യുവതിയുടെ കുടുംബത്തെ വിവരം അറിയിച്ച കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സംഭവം പുറത്തുവന്നതിനെത്തുടര്‍ന്നു കേസന്വേഷണം ശക്തിപ്പെടുത്താന്‍ യുവതിക്കു പിന്തുണയുമായി രണ്ടു സന്നദ്ധ സംഘടനകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് ഈ 9 മാസവും അവരെ പരിചരിച്ചിരുന്ന ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ലെന്നത് ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസവം അടുത്തപ്പോള്‍ യുവതിയില്‍നിന്ന് ഞരക്കവും മൂളലും കേട്ടെങ്കിലും പ്രസവവേദനയാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ഒരു നഴ്‌സ് മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. അവരാണ് കുഞ്ഞിനെ പുറത്തെടുത്തതും. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.