പി.പി ചെറിയാൻ
മേരിലാൻഡ: മേരിലാൻഡ് പ്രതിനിധി സഭയിൽ ദീർഘകാലം അംഗമാകുകയും ഒരു ദശാബ്ദത്തിലധികം മെജോറിറ്റി ലീഡറായി പ്രവർത്തിക്കുകയും ചെയ്ത കുമാർ ബാൻവിനയ്ക്കു യുഎസ് കോൺഗ്രസിലേയ്ക്കു നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം. ഏപ്രിൽ 26 നായിരുന്നു തിരഞ്ഞെടുപ്പ്.
മേരിലാൻഡ് എട്ടാമത് കൺഗ്രഷൻ ഡിസ്ട്രികറ്റിലേയ്ക്കു ഒൻപതു ഡെമോക്രാറ്റിക് സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിക്കു കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി. നിലവിലുള്ള കോൺഗ്രസ് അംഗം ക്രിസ് വാൻ ഹോളൻ സെനറ്റിലേയ്ക്കു മത്സരിക്കുന്നതിനാൽ ഒഴിവു വന്ന സീറ്റിലേയ്ക്കാണ് ഒൻപതു പേർ പ്രൈമറി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഏറ്റവും കൂടുതൽ വോട്ട് നേടിയ ജെയ്മി റാസ്‌കിൻ ഡമോക്രാറ്റിക് സ്ഥാനാർഥിത്വം നേടിയപ്പോൾ ദീർഘകാലം ഡമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന കുമാറിനു രണ്ടു ശതമാനം വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ. നവംബർ എട്ടിനു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥിയായ അറ്റോർണി ഡാൻ കോക്ലിനെ ജെയ്മി നേരിടും. ഏറ്റവും ചിലവേറിയ പ്രചാരണമാണ് ജെയ്മി നടത്തിയത്. 14 മില്യൺ ഡോളറാണ് തിരഞ്ഞെടുപ്പിനായി ഇദ്ദേഹം ചിലവിട്ടത്. കുമാർ ആകെ 600,000 ഡോളർ മാത്രമാണ് ചിലവഴിച്ചത്. പണത്തിന്റെ സ്വാധീനമാണ് വിജയത്തിന്റെ പിന്നിലെന്നു കുമാറിന്റെ തിരഞ്ഞെടുപ്പു കൺസൾട്ടന്റായി പ്രവർത്തിച്ച അനിൽുമാർ മാമൻ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു എല്ലാ ഇന്ത്യൻ അമേരിക്കൻസും പേര് രജിസറ്റർ ചെയ്യണമെന്നു കുമാർ അഭ്യർഥിച്ചു.