തോമസ് മാത്യു
ഹൂസ്റ്റൺ: പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികൾ കൊണ്ടു സമ്പന്നമായിരുന്നുു ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന യുഎസ് ഇലക്ഷൻ ഡിബേറ്റ് വൻ വിജയമായി.
ആസന്നമായിരിക്കുന്ന യുഎസ് പ്രസിഡന്റ് ഇലക്ഷനെ എത്ര ഗൗരവത്തോടെയും താല്പര്യത്തോടെയും ആണ് ഇന്ത്യൻ സമൂഹം വീക്ഷിക്കുന്നുവെന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഇലക്ഷൻ ഡിബേറ്റ്.
സെപ്റ്റംബർ 11 ഞായറാഴ്ച വൈകിട്ട് അഞ്ചിനു സ്റ്റാഫോർഡ് സിവിക് സെന്ററിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ഡിബേറ്റ് സെപ്റ്റംബർ 11 നെ സ്മരിച്ച മൗന പ്രാർഥനകളോടെയാണ് ആരംഭിച്ചത്.
ഇന്തോ അമേരിക്കൻ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യവും കൊണ്ടു ശ്രദ്ധേയമായി മാറിയ ഡിബൈറ്റ് സമ്മേളനം ഹൂസ്റ്റണിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. സമൂഹ മാധ്യമത്തിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സെലിബ്രിട്ടി സിംഗർ ഗ്രാഡി ലോഗ് ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനം മലയാളത്തിൽ ആലപിച്ചപ്പോൾ സദസിൽ നിറഞ്ഞ കയ്യടി നേടി.
ഇന്തോ അമേരിക്കൻ ഗ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഈശോ ജേക്കബ് സ്വാഗതം ആശംസിച്ചു. ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒന്നീൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്നു ഹൂസ്റ്റണിലെ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായി മാറിയ ഇന്ത്യൻ സമൂഹത്തിലെ മുപ്പതിൽപരം മാധ്യമപ്രവർത്തകരെയും സാഹിത്യനായകരെയും ആധരിച്ച ചടങ്ങ് ഡിബേറ്റിനെ കൂടുതൽ മികവുറ്റതും വേറിട്ടതുമാക്കിമാറ്റി.
സമൂഹത്തിന്റെ സ്പന്ദനങ്ങൾ മാധ്യമങ്ങളിൽ കൂടി ജനഹൃദയങ്ങളിൽ എത്തിക്കുന്ന നിരവധി മലയാളി മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ചടങ്ങിൽ ആദരിച്ചത് ശ്രദ്ധേയമായി. ജീമോൻ റാന്നി, ബാബു യേശുദാസ്, ഈശോ ജേക്കബ്, ബ്ലസൺ ഹൂസ്റ്റൺ, റോയി ആന്റണി, മോട്ടി മാത്യു, ജോർജ് തെക്കേമല, ഡോ.വേണുഗോപാൽ മേനോൻ, മാത്യു കുരവയ്ക്കൽ, സജി പുല്ലാട്, മാത്യു നെല്ലിക്കുന്ന്, ഡോ.സണ്ണി എഴുമറ്റൂർ, നൈനാൻ മാത്തുള്ള, ഡോ.മാത്യു വൈരമൺ എന്നിവർ ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ടിവി ഹൂസ്റ്റൺ ഹോസ്റ്റ് സംഗീത ഭുവ കമ്മ്യൂണിറ്റി നേതാക്കളെ സദസിനു പരിചയപ്പെടുത്തി. ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് ട്രസ്റ്റി നീത സാനി ഇവന്റ് സ്‌പോൺസർമാരെ സദസിനു പരിചയപ്പെടുത്തി. സംഗീത അധ്യാപകൻ റോജൻ ജേക്കബ് അമേരിക്കൻ ദേശീയഗാനം ആലപിച്ചു. തുടർന്നു ജോ ക്ലൗസർ പ്രരംഭപ്രഭാഷണം നടത്തി. ശക്തമായ ജനാധിപത്യ രാജ്യത്ത് വോട്ടിന്റെ പ്രശസ്തിയെ പറ്റി പ്രതിപാദിച്ചതോടൊപ്പം അമേരിക്കൻ രാഷ്ട്രീയ ധാരയിൽ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ പങ്കാളിത്തെ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ഐഎപിസി നാഷണൽ കമ്മിറ്റി അംഗം സിറിയക് സ്‌കറിയ മുഖ്യ ധാരയിലേയ്ക്കു ഒരു പാത എന്ന വിഷയത്തെ അധീകരിച്ച് സംസാരിച്ചു.
തുടർന്നു ആദ്യന്തം ആവേശം നിറഞ്ഞു നിന്ന യുഎസ് ഇലക്ഷൻ ഡിബേറ്റ് ആരംഭിച്ചു. അറ്റോർണി സ്‌കോട്ട് ബാസിംങ്ടൺ മോഡറേറ്റർ ആയി നയിച്ച ഡിബേറ്റ് റിപബ്ലിക്കൻ ഡമോക്രാററിക് വിഭാഗത്തെ പ്രതിനിധീകരിച്ച് ഹൂസ്റ്റണിലെ പ്രഗത്ഭർ അണിനിരന്നപ്പോൾ ഡിബേറ്റ് സമാനതകളില്ലാത്തതായി മാറി.
റിപബ്ലിക്കൻ പക്ഷത്ത് നിന്ന് കെൽഡൽ ബേക്കർ (സ്റ്റേറ്റ് റപ്രസന്റെറ്റീവ് സ്ഥാനാർഥി), ഡോ.നിക്ക് നിക്കാം (നികാം റേഡിയോ) രമേശ് ചെറിവിരാലാ (കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ്) , സംഗീതാ ദുവാ (ഹൂസ്റ്റൺ ഡൈവേഴ്‌സിറ്റി ടോക് ഷോ), ലൈൻ സ്വാൻസൺ (ഡോണാൾഡ് ട്രമ്പിന്റെ ഉപദേശകൻ) എന്നിവർ പ്രസംഗിച്ചു.
ഡമോക്രാറ്റിക് വിഭാഗത്തെ പ്രതിനിധീകരിച്ച് റോൺ റെയ്‌നോൾഡ് (സ്‌റ്റേറ്റ് റപ്രസന്റിറ്റീവ് കെ.പി ജോർജ് (ഫോർട്ട് ബന്റ് ഐഎശ്ഡി ട്രസ്റ്റി), അമീ പട്ടേൽ (വിദ്യാഭ്യാസ പ്രവർത്തക), ജവഹർ മൽഹോത്ര (ഇന്തോ അമേരിക്കൻ ന്യൂസ്), എന്നിവർ സംസാരിച്ചു.
ഐഎപിസി നാഷണൽ കമ്മിറ്റി അംഗം ബാബു യേശു നന്ദി പ്രകാശിപ്പിച്ചു. ലക്ഷ്മി പീറ്റർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു.