റിയാദ്: സാമൂഹിക അവസ്ഥകളോട് സർഗാത്മകമായി പ്രതികരിക്കുന്ന കൃതികളുടെ വായനാനുഭവം പങ്കുവെച്ചും സർഗസംവാദവുമായി ചില്ല സർഗവേദി സംഘടിപ്പിച്ച പ്രതിമാസ ഒത്തുചേരൽ ശ്രദ്ധേയമായി. ഇന്ത്യൻ അവസ്ഥയിൽ ജാതി ചെലുത്തുന്ന സ്വാധീനം മുഖ്യവിഷയമായ വായനയിൽ സവർണ്ണ മേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ കൃതികളും വായനയും സംവാദത്തിൽ സജീവമായി. സമാനതകളില്ലാത്ത തരത്തിലുള്ള അടിച്ചമർത്തലുകളും ലിംഗ-സാമൂഹ്യവിവേചനവും ജാതി-മതങ്ങളുടെ പേരിൽ ഒരു വിഭാഗം ജനങ്ങളനുഭവിക്കുമ്പോൾ മറ്റുചിലർ സമ്പത്തും അധികാരവും എല്ലാം കൈയടക്കാൻ ശ്രമിക്കുന്നതും ചർച്ചയുടെ ഭാഗമായി. സമകാലിക ഇന്ത്യൻ അവസ്ഥയിൽ യുക്തിചിന്തയെയും ആത്മബോധത്തെയും വീണ്ടെടുക്കുന്ന എഴുത്തിനും വായനക്കും ഏറെ പ്രസക്തിയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. വി.ആർ.സുധീഷിന്റെ ‘എഴുതിയ കാലം’ എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച് ടി.ജാബിറലി ‘എന്റെ വായന’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിയുടെ വിശദ പഠനത്തോട് കൂടിയുള്ള ഡോ. ബി.ആര്‍.അംബേദ്കറുടെ ആനിഹിലേഷന്‍ ഓഫ് കാസ്റ്റ് “ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനങ്ങള്‍ സഹിതം” എന്ന പുസ്തകത്തിന്റെ വായന നിജാസ് നടത്തി. ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ പുനഃസംഘടന അസാധ്യം എന്നുമാത്രമല്ല ജാതിവ്യവസ്ഥ ഈ സമൂഹത്തെ നശിപ്പിക്കുമെന്നും അംബേദ്‌കർ തന്റെ പുസ്തകത്തിൽ പറയുന്നു. അറിവ് നേടാനും അതുവഴി ശാക്തീകരിക്കപ്പെടാനുമുള്ള ബഹുജനങ്ങളുടെ അവസരം നിഷേധിക്കുന്ന വർണവ്യവസ്ഥ ഇന്നും ഇന്ത്യയിൽ വിവിധ രൂപങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണുമ്പോൾ അംബേദ്കരുടെ പുസ്തകത്തിന്റെ വായന പ്രസക്തമാകുന്നു എന്ന് നിജാസ് പറഞ്ഞു.
ഇന്ത്യയിലെ ചാതുർവർണ്യ വ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകൾ വ്യക്തമാക്കുന്ന ഗോൾവാൾക്കരുടെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിന്റെ വായന ഷമീം താളാപ്രത്ത് നടത്തി.
അധഃകൃതവർഗത്തിന്റെ കഥ പറയുന്ന എം.മുകുന്ദന്റെ നോവൽ ‘പുലയപ്പാട്ട്’ ഷംല ചീനിക്കൽ അവതരിപ്പിച്ചു. തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ് നോവലിസ്റ്റ് കഥയായി വായനക്കാരന് നൽകുന്നതെന്ന് ഷംല പറഞ്ഞു. സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും ആവിഷ്‌കരിക്കപ്പെടുമ്പോൾ മുകുന്ദന്റെ മറ്റു നോവലുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു എന്ന് ഷംല കൂട്ടിച്ചേർത്തു.
കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ആഴത്തില്‍ ചോദ്യം ചെയ്ത കുമാരനാശാന്റെ ‘ചണ്ഡാല ഭിക്ഷുകി’ സുരേഷ് അവതരിപ്പിച്ചു.
സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരെ ആഞ്ഞടിച്ചതും കാവ്യമനോഹാരിത കൊണ്ട് അതിശ്രേഷ്ഠമയതുമായ ഖണ്ഡകാവ്യം ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവർത്തകൻ പി.സായ് നാഥിന്റെ ‘നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു’ എന്ന കൃതിയുടെ വായന നൗഷാദ് കോർമ്മത്ത് നടത്തി. ഇന്ത്യൻ സമൂഹത്തിൽ ഫ്യൂഡൽ സ്വഭാവം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജാതി ജനജീവിതത്തെ അസന്തുലിതവും അരക്ഷിതവുമാക്കുന്നതും സായ് നാഥ് തന്റെ കൃതിയിൽ പറയുന്നു. അത്യന്തം ദയനീയമായ ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് സായ് നാഥ് പകർന്നുതരുന്നതെന്ന് നൗഷാദ് വായനാനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
രവിചന്ദ്രൻ.സിയുടെ ‘വാസ്തു ലഹരി’യുടെ വായാനാനുഭവം വിജയകുമാർ പങ്കുവച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാമാർജ്ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും നഷ്ടപ്പെടുന്ന കാലത്ത് കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ് പറയുന്നതെന്ന് വിജയകുമാർ പറഞ്ഞു.
ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’ പി.കെ.രാജശേഖരന്റെ പുനർവായനയുമായി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. കേരളത്തിന്റെ സമസ്തമേഖലയിലും വിമോചനത്തിനാവശ്യമായ സാംസ്‌കാരികസാഹചര്യമാണ് മലയാളത്തിലെ ആദ്യനോവലായ ‘ഇന്ദുലേഖ’ യിലൂടെ ചന്തുമേനോൻ സൃഷ്ടിച്ചതെന്നും മലയാളത്തിലെ ആദ്യനോവലിനെ കാലാകാലങ്ങളായി മിക്ക പ്രസാധകരും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പി.കെ.രാജശേഖരനെ ഉദ്ധരിച്ചുകൊണ്ട് നജിം പറഞ്ഞു.
പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശങ്കർ രചിച്ച ‘ദ ഗ്രേറ്റ് അൺനോൺ’ എന്ന കൃതിയുടെ വായനാനുഭവം ആർ.മുരളീധരൻ പങ്കുവച്ചു. അമേരിക്കന്‍ എഴുത്തുകാരൻ ആർതർ ഗോൾഡന്റെ വിഖ്യാതമായ നോവൽ ‘ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ’ സിയാദ് മണ്ണഞ്ചേരി അവതരിപ്പിച്ചു. പ്രവാസത്തിന്റെ കണ്ണീരും വേദനയും നിറഞ്ഞ ഓർമ്മപുസ്തകം പി.ടി.മുഹമ്മദ് സാദിഖിന്റെ ‘യത്തീമിന്റെ നാരങ്ങാ മിഠായി’യുടെ വായനാനുഭവം റഫീഖ് പന്നിയങ്കര പങ്കുവെച്ചു. തുടർന്ന് നടന്ന സർഗ സംവാദത്തിൽ എം.ഫൈസൽ, ജയചന്ദ്രൻ നെരുവമ്പ്രം, മൻമോഹൻ, യൂസഫ് പ, പ്രിയ സന്തോഷ്, ഷീബ രാജുഫിലിപ്, അമൽ ഫൈസൽ എന്നിവർ സംസാരിച്ചു.
ഫോട്ടൊ : ചില്ല സർഗവേദിയുടെ ‘എന്റെ വായന’ ടി.ജാബിറലി ഉദ്ഘാടനം ചെയ്യുന്നു.