ഡബ്ലിൻ : സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 20 ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളിൻ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.
മനുഷ്യാ നീ മണ്ണാകുന്നു,മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങു’. എന്ന ഓർമ പുതുക്കിക്കൊണ്ട് ആണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ (വിഭൂതി തിരുനാൾ) കടന്നുവരുന്നത്.മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ നാളെ തിങ്കളാഴ്ചയാണ് ആചരിക്കുന്നത് .ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 17) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.
ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. ആദ്യകാലങ്ങളിൽ പശ്ചാതാപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നു. പിന്നീട് പത്താം നൂറ്റാണ്ടിൻറെ അവസാനത്തോടെ പരസ്യമായി പാപമോചനം നൽകുവാനുള്ള ആധികാരിക അനുഷ്ഠാന ഘടകമായി ഇത് മാറി. അതിനുശേഷമാണ് അനുതാപജനിതമായ ഒരു നോമ്പ് കാലത്തിൻറെ തുടക്കം കുറിക്കുവാനുള്ള ദിവസമായി കുരിശുവര പെരുന്നാൾ രൂപം പ്രാപിച്ചത്.
മാനസാന്തരത്തിലും പ്രാർത്ഥനയിലും ഓരോ വ്യക്തിയുടെയും ഹൃദയത്തെ കേന്ദ്രീകരിച്ചുകൊണ്ട് കുമ്പസാരത്തിലൂടെയും വിഭൂതി തിരുനാൾ നോയമ്പിന്റെ ആരംഭം രേഖപ്പെടുത്തുന്നു.അനുതാപം, ഉപവാസം, പ്രതിഫലനം, ആഘോഷം ഇതെല്ലാം ഉൾകൊള്ളുന്ന 40 ദിവസങ്ങളാണ് നോമ്പുകാലം.ഈ 40 ദിവസങ്ങൾ ക്രിസ്തു മരുഭൂമിയിൽ നേരിട്ട പരീക്ഷണങ്ങളെയും അവൻറെ ഉപവാസത്തെയും പ്രതിനിധീകരിക്കുന്നു.
വിഭൂതി അണിഞ്ഞുകൊണ്ട് ഞങ്ങളുടെ പാപങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും ഞങ്ങളുടെ തെറ്റുകൾ തിരുത്തുവാനും ഹൃദയത്തെ ശുദ്ധീകരിക്കുവാനും ആഗ്രഹങ്ങൾ നിയന്ത്രിക്കുവാനും വിശുദ്ധിയിൽ വളരുവാനും സാധിക്കട്ടെ എന്നും ഓരോ വിശ്വാസിയും പ്രാർത്ഥിക്കുന്നു. കൂടാതെ നമ്മുടെ സ്വന്തം മരണത്തിലും പാപത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ വിശ്വാസികൾക്ക് വിശുദ്ധിയിൽ നോമ്പ് കാലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നു.
എല്ലാ പൗരസ്ത്യ ക്രൈസ്തവ വിഭാഗക്കാരും അവരവരുടെ പാരമ്പര്യം അനുസരിച്ച് ആചാരക്രമങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്തതനുസരിച്ച് സീറോ മലബാർ സഭ “ക്ഷാര ബുധൻ” പകരം “ക്ഷാര തിങ്കൾ” ആചരിക്കാൻ തുടങ്ങിയത് . വിഭൂതി തിരുനാളിന് മുമ്പുള്ള ഞായറാഴ്ച പേത്തുർത്തയോടു കൂടി വലിയനോമ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നു.
പേത്തുർത്ത മുതൽ ഈസ്റ്റർ വരെയുള്ളത് 50 ദിവസങ്ങൾ ആയതിനാലാണ് കേരള കത്തോലിക്കർക്ക് 50 ദിവസത്തെ നോമ്പ് ഉണ്ടായത്. എന്നാൽ ലത്തീൻ സഭയുടെ രീതിയനുസരിച്ച് നോമ്പിന്റെ വ്രത കാലം 40 ദിവസങ്ങളാണ്. ക്ഷാര ബുധൻ മുതലുള്ള ആഴ്ചയിൽ നാലു ദിവസവും പിന്നീടുള്ള ആറ് ആഴ്ചകളിൽ ആറു ദിവസവും വീതം 36 ദിവസങ്ങൾ കൂടി മൊത്തം 40 ദിവസത്തെ നോമ്പാണ് ഇവർക്കുള്ളത്.