കെയ്‌റോ: ഈജിപ്റ്റിലെ സിനായില്‍ 224 യാത്രക്കാരുമായി തകര്‍ന്നു വീണ വിമാനം ഐറിഷ് ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് രജിസ്‌ട്രേഷനുള്ള, അയര്‍ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം റഷ്യന്‍ എയര്‍ലൈന്‍സ് കമ്പനി കൊഗലിമാവിയ വാടകയ്‌ക്കെടുത്തിരിക്കുന്നതാണ്. ദ മെട്രോജെറ്റ് എയര്‍ബസ് A321200( രജിസ്‌ട്രേഷന്‍ EIEJ) ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ക്രാഫ്റ്റ് രജിസ്റ്ററിലുള്ള വിമാനമാണ്. ഡബ്ലിന്‍ ജോര്‍ജ് ഡോക് ഐറിഷ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വില്‍മിംഗ്ടണ്‍ ട്രസ്റ്റ് SP സര്‍വീസസ് ഡബ്ലിന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം.
സിനായില്‍ 224 യാത്രക്കാരുമായി രഷ്യന്‍ വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഏറ്റെടുത്തു. AFP യാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ചുകുട്ടികളുടേതടക്കം 100 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 17 കുട്ടികളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈജിപ്റ്റിലെ ഷാം ഇല്‍ഷെയ്ഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പോയ മെട്രോ ജെറ്റ് എ321 വിമാനമാണു ദുരന്തത്തില്‍പെട്ടത്. വിമാനത്തില്‍ 214 റഷ്യന്‍ പൗരന്‍മാരും, 3 യുക്രൈന്‍ പൗരന്‍മാരും 7 ക്രൂ മെമ്പേഴ്‌സുമാണ് ഉണ്ടായിരുന്നത്. ടേക് ഓഫ് ചെയ്ത് 23 മിനിട്ടിനുശേഷമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
തകര്‍ന്നു വീണ വിമാനം രണ്ടായി പിളര്‍ന്നു. വിമാനത്തിലുണ്ടായവരെല്ലാം മരിച്ചതായി ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് അടക്കമുള്ളവ കണ്ടെടുത്തിട്ടുണ്ട്. മൃതശരീരങ്ങള്‍ വിമാനത്തിന്റെ സീറ്റ്‌ബെല്‍റ്റിട്ട നിലയില്‍ ചിതറിക്കിടക്കുകയാണ്
റഷ്യന്‍ എമര്‍ജന്‍സി മിനിസ്ട്രി വിമാനത്തില്‍ യാത്രചെയ്തിരുന്നവരുടെ പേര് പുറത്തുവിട്ടു. യാത്രക്കാരില്‍ 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞു മുതല്‍ 77 വയസുള്ള പ്രായമായ സ്ത്രീ വരെയുണ്ട്.
അപകടത്തിന് തൊട്ട് മുമ്പ് പൈലറ്റ് വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കിനെ അറിയിച്ചിരുന്നു. സമീപത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനായി ശ്രമിക്കുകയാണെന്നും പൈലറ്റ് അറിയിച്ചതായാണ് ട്രാഫിക് എയര്‍ കണ്‍ട്രോള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഈജിപ്തിലെ സിനായ് മേഖലയില്‍ വച്ച് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായതായി നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിമാനം കാണാതായ വിവരം ഈജിപ്ത് സ്ഥിരീകരിച്ചത്. വിമാനം ഐഎസ് ശക്തികേന്ദ്രമായ സിനായിലാണ് തകര്‍ന്നു വീണതെങ്കിലും സംഭവം അപകടമാണെന്നാണ് ഈജിപ്റ്റിന്റെ വിശദീകരണം. 30,000 അടി മുകളില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ഈജിപ്റ്റ് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായില്‍ അറിയിച്ചു. എന്നാല്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഈജിപ്റ്റ് സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തില്‍ പ്രദേശത്ത് 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
വിമാനം രണ്ടായി പിളര്‍ന്ന നിലയിലാണുള്ളത്. ഒരു ഭാഗം പൂര്‍ണമായും കത്തിയ നിലയിലും മറ്റൊരു ഭാഗം പാറയിലിടിച്ച് തകര്‍ന്ന നിലയിലുമാണ്. വിമാനം തകര്‍ത്തതിന്റ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും അപകടത്തിന് മുമ്പ് പൈലറ്റ് സാങ്കേതിക തകരാര്‍ ഉള്ളതായും അടിയന്തര ലാന്റിങ് അനുവദിക്കണമെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിരുന്നുവെന്നാണ് എയര്‍ കണ്‍ട്രോള്‍ ട്രാഫിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഐഎസ് വാദത്തെ തള്ളിക്കളയുന്നതാണ്.
റഷ്യയിലെ എയര്‍ലൈന്‍ കമ്പനിയായ കൊഗാലിമാവ്യയുടെതാണ് വിമാനം. ഈജിപ്ത് സുഖവാസ കേന്ദ്രമായ ഷര്‍മുല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അപകടം നടന്ന പ്രദേശത്ത് ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്‌മെയില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനോടു നിര്‍ദ്ദേശിച്ചു. ദുരന്തസ്ഥലത്തേക്ക് റഷ്യ പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.