ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ലാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ മെഗാ സ്‌പോണ്‍സറായി അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ വിന്‍സന്റ് ജ്വല്ലറി ഉടമ ബോബ് വര്‍ഗീസിനെ പ്രഖ്യാപിച്ചു. നാലുപതിറ്റാണ്ടായി അമേരിക്കന്‍ മണ്ണില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്ന ബോബ് വര്‍ഗീസ് എന്നും മാധ്യമലോകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വാര്‍ത്തകളെയും അത് അറിയിക്കുന്നവരെയും ഏറെ ആദരിക്കുന്ന അദ്ദേഹം ഐഎപിസിയുടെ പ്രവര്‍ത്തന മികവു കണ്ടാണ് മാധ്യമസമ്മേളനത്തിന്റെ മുഖ്യസ്‌പോണ്‍സര്‍ഷിപ്പു പ്രഖ്യാപിച്ചുകൊണ്ടു മുന്നോട്ടുവന്നത്.
1981 ല്‍ അമേരിക്കയിലെത്തിയ ബോബ് വര്‍ഗീസ് കഠിനാധ്വാനത്തിലൂടെ വിജയം കൊയ്യാമെന്നു തെളിയിച്ച വ്യക്തിയാണ്. ബാങ്ക് ജോലിക്കായാണ് അദ്ദേഹം അമേരിക്കയിലേക്കു കുടിയേറുന്നത്. വെറും ആറുമാസം കൊണ്ടു തന്നെ സൂപ്പര്‍വൈസര്‍ പദവിയിലെത്തിയ അദ്ദേഹം വളരെ വേഗത്തില്‍ തന്നെ മാനേജര്‍ പദവിയിലും എത്തി. പിന്നീട് അതേ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചു.
ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലാണ് ബോബ് വര്‍ഗീസ് തന്റെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ നിന്നു കിട്ടിയ പരിചയം പിന്നീട് അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിന് മുതല്‍ക്കൂട്ടാകുകയായിരുന്നു.
1997 ലാണ് ബോബ് വര്‍ഗീസ് ഡയമണ്ട് ഹോള്‍സെയില്‍ ബിസിനസിലേക്ക് തിരിയുന്നത്. കൊളംബോ മേയറുമായി ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പിലൂടെയായിരുന്നു ആദ്യ ബിസിനസ് സംരംഭം. പെന്റകോസ്റ്റല്‍ കള്‍ച്ചറല്‍ കോണ്‍ഫറന്‍സില്‍ വച്ചു മേയറുമായുണ്ടായ പരിചയമാണ് വലിയൊരു ബിസിനസ് സംരംഭത്തിന്റെ ആരംഭത്തിന് കാരണമായത്.
ഇന്ന് അമേരിക്കക്കാരും ഇന്ത്യക്കാരുമെല്ലാം രാജ്യം മുഴുവന്‍ അറിയപ്പെടുന്ന വിന്‍സെന്റ് ജ്വല്ലേഴ്‌സിന്റെ ക്ലയന്റ്‌സാണ്. ജിഐഎ സര്‍ട്ടിഫിക്കറ്റ് ഉള്ള നല്ല ഡയമണ്ട്‌സ് മാത്രമാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ വില്‍ക്കുന്നതെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കെല്ലാം വിശ്വാസമാണ്. അതാണ് ബോബ് വര്‍ഗീസിന്റെ വിജയരഹസ്യവും.
ഡയമണ്ട് ബിസിനസിലെ അമേരിക്കയിലെ തലയെടുപ്പുള്ള പേരാണ് ഇപ്പോള്‍ ബോബ് വര്‍ഗീസിന്റേത്. കേരളത്തില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും അമേരിക്കയില്‍ എത്തിച്ച ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനാണ് ഇദ്ദേഹം. ന്യൂയോര്‍ക്കില്‍ മാത്രമല്ല, അമേരിക്കയിലാകമാനമുള്ള മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ബോബ് വര്‍ഗീസ്. ബി ആന്‍ഡ് ഡി ഡയമണ്ട്‌സ് ഉടമയെന്ന നിലയില്‍ വിവിധ രാജ്യങ്ങളിലുള്ള വജ്രവ്യാപാരികളുമായി ബോബ് വര്‍ഗീസിന് നല്ല അടുപ്പമാണുള്ളത്.
മാധ്യമമേഖലയോട് വളരെയേറെ അടുപ്പമുള്ള ബോബ് വര്‍ഗീസ് ഐഎപിസി മാധ്യമ സമ്മേളനത്തിന്റെ മുഖ്യസ്‌പോണ്‍സറായതില്‍ വളരെ സന്തോഷമുണ്ടെന്നു പ്രസ്‌ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.