ബെര്‍ലിന്‍: ഫോക്‌സ്‌വാഗന്‍ വിറ്റഴിച്ച 24 ലക്ഷം ഡീസല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാറുകളിലെ മലിനീകരണത്തിന്റെ തോതു മറച്ചുവയ്ക്കാന്‍ എന്‍ജിനുള്ളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയോട് ജര്‍മന്‍ ഓട്ടോമോട്ടിവ് വാച്ച്‌ഡോഗ് കാറുകള്‍ തിരിച്ചുവിളിച്ച് പുനര്‍ഘടിപ്പിക്കാന്‍ ഉത്തരവിട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയാണ് ഫോക്‌സ്‌വാഗന്‍. വഞ്ചന പുറത്തായതിനെ തുടര്‍ന്ന് ഉടമകള്‍ക്കു തങ്ങളുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവരാമെന്ന കമ്പനിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു.
തിരിച്ചുവിളിച്ച് കാറുകള്‍ റിപ്പയര്‍ ചെയ്യാനും പിഴ അടക്കാനും നിയമവ്യവഹാരങ്ങള്‍ക്കുമായി കമ്പനിക്ക് 400 കോടി ഡോളര്‍ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തേ കമ്പനി 1.10 കോടി കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ആയി ചുമതലയേറ്റ മത്യാസ് മുള്ളറായിരുന്നു ഇക്കാര്യം അറിയിച്ചത്. എന്‍ജിനുള്ളില്‍ സോഫ്റ്റ്‌വയര്‍ ഘടിപ്പിച്ചെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് രാജിവച്ച മാര്‍ട്ടിന്‍ വിന്റര്‍കോണിന്റെ ഒഴിവിലേക്കു വന്നയാളാണ് മുള്ളര്‍.
ആരോപണം അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ലാബുകളില്‍ ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് കൃത്രിമം കാട്ടിയതായി കമ്പനി തന്നെ സമ്മതിച്ചിരുന്നു. അമേരിക്കന്‍, യൂറോപ്യന്‍ മലിനീകരണ നിയന്ത്രണങ്ങള്‍ മറികടക്കാനായിരുന്നു ഇതു ചെയ്തത്. ഇതോടെ കാര്‍ വിപണനത്തില്‍ തിരിച്ചടി നേരിട്ട കമ്പനി തകര്‍ച്ചയുടെ വക്കിലാണെന്നും വാര്‍ത്തയുണ്ടായിരുന്നു.ഫോക്‌സ്‌വാഗന്‍ വാഹനങ്ങള്‍ തിരിച്ചു വിളിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന വിചാരത്തിലാണ് യൂറോപ്പിലെ ഫോക്‌സ്‌വാഗന്‍ ഉടമകള്‍ .നഷ്ടപരിഹാരം കിട്ടുമെന്ന് റൂമറുകളും ചിലര്‍ പടച്ചു വിടുന്നുണ്ട്.ലോട്ടറി അടിക്കുമെന്നു കത്തിരിക്കുന്നവര്‍ക്ക് നിരാശരാകില്ലായെന്നും ചിന്തിക്കാം