സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ നഴ്‌സുമാരുടെ ശമ്പളത്തിൽ മികച്ച രീതിയിലുള്ള വർധനവ് വരുത്താൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ അക്യൂട്ട് ആശുപത്രികളിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ജോലി ചെയ്യുന്ന നഴ്‌സുമാർക്കു പ്രീമിയം അവേഴ്‌സ് ശമ്പളം പുനസ്ഥാപിച്ച് ഉത്തരവ് പുറത്തറങ്ങി. ഇതോടെ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായി അയർലൻഡ് മാറുമെന്നാണ് റിപ്പോർട്ടുകൾ.
ലാൻഡ്‌സ്ഡൗൺ റോഡ് കരാർ പ്രകാരം 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം പുനഃസ്ഥാപിച്ചിരിക്കുന്നത്. ജനുവരി മുതൽ നവംബർ ഒന്ന് വരെയുള്ള പ്രീമിയം അവേഴ്‌സ് ശമ്പളകുടിശിഖ 2017 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ചെക്കായി വിതരണം ചെയ്യുമെന്നാണ് നഴ്‌സിംഗ് യൂണിയൻ ഭാരവാഹികളെ എച്ച് എസ് ഇ അറിയിച്ചിരിക്കുന്നത്.
ആകെ ശമ്പളത്തിന്റെ രണ്ടു ശതമാനത്തോളം പ്രീമിയം അവേഴ്‌സിലെ തുക വരുമെന്നാണ് ഐഎൻഎംഓ വൃത്തങ്ങൾ കണക്കാക്കുന്നത്.43000 യൂറോ വാർഷിക ശമ്പളം ലഭിക്കുന്ന നഴ്‌സുമാർക്ക് ഓരോ പ്രീമിയം അവേഴ്‌സിലും ഏകദേശം 3.58 യൂറോയുടെ വർദ്ധനവ് ലഭിക്കുമെന്ന് ഐഎൻഎം ഓ കണക്കുകൾ വ്യക്തമാക്കുന്നു.ആറിലൊന്ന് ശമ്പളമാണ് പ്രീമിയം അവേഴ്‌സിൽ കൂടുതൽ ലഭിക്കുക.
ശമ്പളം പുനഃസ്ഥാപിക്കുന്നത് നഴ്‌സുമാർക്ക് നേട്ടമാകുമെന്നും, രോഗികൾക്ക് കൂടുതൽ പരിചരണം ലഭിക്കാൻ കാരണമാകുമെന്നും ഐഎൻഎംഒ പ്രതികരിച്ചു.
ലാൻഡ്‌സ്ഡൗൺ റോഡ് കരാർ പ്രകാരം ശമ്പളവർദ്ധനവിനുള്ള ഒരു ചർച്ച കൂടി ഈ മാസം എച്ച് എസ് ഇ യുമായി യൂണിയൻ നടത്തുണ്ട്,ഈ ചർച്ച പ്രകാരം ശമ്പളഘടനയിൽ വീണ്ടും ഒരു വർദ്ധനവ് കൂടി ഈ വർഷം തന്നെ ഉണ്ടായേക്കും.
അതേ സമയം 2009ൽ പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുന്നതൊപ്പം പുതിയ ശമ്പളഘടനയ്ക്കായി ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്താനുള്ള ഒരുക്കത്തിലാണ് നഴ്‌സുമാർ വീണ്ടും. അടുത്ത സമ്മറിൽ പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതോടെ ശമ്പളത്തിൽ വീണ്ടും വർധനവുണ്ടാകും. ഇത് രാജ്യത്തെ ശമ്പള ഘടനയിൽ വൻ വർധനവുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.