സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് പ്രോപ്പർട്ടി ടാക്‌സും വാട്ടർ ചാർജും ഒന്നിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. വാട്ടർ ചാർജ്ജും പ്രോപ്പർട്ടി ടാക്‌സും ഒന്നിപ്പിച്ച് ഒറ്റ ഹൗസ് ഹോൾഡ് ചാർജ്ജ് എന്ന രൂപത്തിൽ കൊണ്ടുവരണമെന്ന് ഫിയനാഫെയിൽ സർക്കാരിനോടു ആവശ്യപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എങ്കിലും 2019ൽ പ്രോപ്പർട്ടി ടാക്‌സ് പുനർനിർണ്ണയിക്കുന്നതുവരെ ഇക്കാര്യം ചർച്ചയ്‌ക്കെടുക്കേണ്ടെന്നാണ് ഫിയനാഫാൾ നേതാവ് മൈക്കൽ മാർട്ടിന്റെ നിലപാട്. നോർത്തേൺ അയർലണ്ട്, യുകെ എന്നിവിടങ്ങളിൽ ഇത്തരം ചാർജ്ജുകൾ എങ്ങനെയാണ് ഈടാക്കുന്നത് എന്നതിനെപ്പറ്റി പഠനം നടത്തണമെന്നും ഫിയനഫാൾ നേതാവ് നിർദേശിച്ചു.വാട്ടർ ചാർജ്ജ് ഇല്ലാതാക്കുമെന്നത് ഫിയനാഫാളിന്റെ ഇലക്ഷൻ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു.
ഇത്തരത്തിൽ ചാർജ്ജുകൾ ഒന്നിപ്പിക്കുക എന്നത് അസാധ്യമാണെന്നായിരുന്നു ഫിനഗേലിന്റെ മുൻ നിലപാടെങ്കിലും, ഇക്കാര്യം ചർച്ചയ്‌ക്കെടുക്കാം എന്ന നിലപാടിലേയ്ക്ക് പാർട്ടി മയപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം പ്രാവർത്തികമാക്കാമെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്. മുമ്പ് പരിസ്ഥിതി മന്ത്രിയായിരുന്ന ഫിൽ ഹോഗൻ ഇത്തരത്തിൽ രണ്ട് ചാർജ്ജുകളും ഒന്നാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വച്ചിരുന്നെങ്കിലും അന്ന് അംഗീകരിക്കപ്പെട്ടിരുന്നില്ല.