വാട്ടർ ചാർജ്: ജനത്തെ ഭയന്ന് സർക്കാർ നയം മാറ്റുന്നു; പണം തിരികെ നൽകിയേക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: വാട്ടർ ചാർജ് ഇനത്തിൽ അടച്ച പണം തിരികെ നൽകാനാവില്ലെന്ന നിലപാടിൽ നിന്നു സർക്കാരും ഐറിഷ് വാട്ടറും പിൻമാറുന്നതായി സൂചന. ജന്ങ്ങൾ ഒന്നടങ്കം പ്രശ്‌നത്തിൽ എതിരാകുമെന്ന ഭയം ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഐറിഷ് വാട്ടർ നിലപാട് മാറ്റാൻ തയ്യാറെടുത്തതെന്നാണ് സൂചന ലഭിക്കുന്നത്. പ്രശ്‌നത്തിൽ സർക്കാരും തങ്ങളുടെ മുൻ നിലപാടിൽ നിന്നു പിന്നിലേയ്‌ക്കെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.
ജനത്തിന് പണം തിരികെ നൽകണമെന്ന് ഫിനഗേൽ ടിഡിമാർ ആവശ്യപ്പെട്ടതോടെയാണ് നയം മാറ്റാൻ സർക്കാർ നിർബന്ധിതരായത്. നവംബറിൽ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ടാക്‌സ് റവന്യൂ 280 മില്ല്യൺ യൂറോയാണെന്ന് ധനമന്ത്രി മൈക്കൽ നൂനാൻ പറഞ്ഞു. ഇതിൽ നിന്നും വാട്ടർ ബിൽ തുക റീഫണ്ട് നൽകുമെന്നുമാണ് കരുതുന്നത്.
ബുധനാഴ്ച ചേർന്ന ഫിനഗേൽ പാർട്ടി യോഗത്തിലാണ് ടിഡിമാർ പണം റീഫണ്ട് ചെയ്യണം എന്ന ആവശ്യമുന്നയിച്ചത്. ഇനി ബിൽ അടയ്‌ക്കേണ്ടതില്ലെങ്കിലും അടച്ച പണം തിരികെ നൽകില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞ ദിവസം എടുത്ത നിലപാട്. എന്നാൽ തുക റീഫണ്ട് ചെയ്യാത്തപക്ഷം അത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് വാദമുയർന്നു. തുടർന്ന് സർക്കാർ നിലപാട് മയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ വാട്ടർ ചാർജ് ജനസമരത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് ബിൽ തുക അടച്ചവർക്ക് പണം തിരികെ നൽകേണ്ടി വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top