അയർലന്റിലെ മലയാറ്റൂർ: ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി 22 ന് വെള്ളിയാഴ്ച്ച !

ഡബ്ലിൻ :അയർലന്റിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി 22 ന് വെള്ളിയാഴ്ച്ച നടക്കും .ഡബ്ലിൻ സീറോ മലബാർ സഭ Dublin zonal ന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ളവരാണ് കുരിശിന്റെ വഴിയുമായി മലകയറുന്നത് . 3:30നു St.Feregal Catholic Church Bray ൽ വി.കുബാനയും തുടർന്ന് കൃത്യം 4:45നു Bray Head Car park ൽ നിന്നു കുരിശിന്റെ വഴി ആരംഭിക്കുന്നതാണ്.

ബ്രേ ഹെഡിൻ്റെ മുകളിൽ, 1950-ൽ വിശുദ്ധ വർഷത്തിൽ സ്ഥാപിച്ച ഒരു കൽക്കുരിശുണ്ട്. ബ്രേ , നോർത്ത് ഈസ്റ്റ് വിക്ലോ, ഡബ്ലിൻ ബേ എന്നിവയുടെ മനോഹരമായ പനോരമിക് കാഴ്ച്ച ഇവിടെ നിന്ന് കാണാൻ കഴിയും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

542 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കേംബ്രിയൻ കാലഘട്ടത്തിൽ രൂപപ്പെട്ട വളരെ പുരാതനമായ സ്ലേറ്റും ഷെയ്ൽ കല്ലും അടങ്ങിയതാണ് ബ്രേ ഹെഡിൻ്റെ പാറകൾ. 1870-കളിൽ, ഈ പുരാതന പാറകളിൽ നിന്ന് വളരെ അപൂർവവും അസാധാരണവുമായ ചെറിയ കടൽ ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഈ ഗ്രഹത്തിലെ ജീവൻ്റെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ദിവസം, നോമ്പിൻ്റെ അവസാനവും ഈസ്റ്റർ ആഘോഷങ്ങളുടെ തുടക്കവും അടയാളപ്പെടുത്തിയ ആത്മീയ അനുഭവം ആണ് . വർഷങ്ങളായി ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്ന വാർഷിക പാരമ്പര്യം സീറോ മലബാർ സഭ വിശ്വാസികൾക്കിടയിൽ നടക്കുന്നു. യേശുവിൻ്റെ അവസാന മണിക്കൂറുകളുടെ ചിത്രീകരണത്തെയാണ് കുരിശിൻ്റെ വഴിയിലെ 14 സ്റ്റേഷനുകൾ സൂചിപ്പിക്കുന്നത്. നോമ്പുകാലത്ത്, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ചയിലും, വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും നോമ്പുകാലത്തും കുരിശിന്റെ വഴി വിവിധ മാസ് കേന്ദ്രങ്ങളിൽ നടത്താറുണ്ട്. അയർലണ്ടിൽ ഉള്ള സീറോ മലബാർ വിശ്വാസികൾക്ക് കേരളത്തിലെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോലെ ആയിരിക്കയാണ് ബ്രേ ഹെഡ് !

ഓശാന ഞായറും പീഢ‍ാനുഭവ വാരത്തിലെ പെസഹാ വ്യാഴവും ദു:ഖവെള്ളിയും അതിനു ശേഷമുള്ള ഉയർപ്പും പ്രതീക്ഷയോടെയാണ് വിശ്വാസസമൂഹം കാത്തിരിക്കുന്നത്. വലിയ നോയമ്പ് കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കുരിശിന്‍റെ വഴി. യേശുവിന്‍റെ പീഢാസഹനത്തെ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴി ഏറ്റവും പ്രസിദ്ധമായിരിക്കുന്നത് മലയാറ്റൂരിലാണ്.

യേശുവിന്‍റെ പ്രേഷിതപ്രവർത്തനത്തിന് വന്ന, ഭാരതത്തിന്റെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന തോമാശ്ലീഹായാണ് മലയാറ്റൂർ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. യേശുവിന്‍റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം സുവിശേഷപ്രഘോഷണത്തിനായി ശിഷ്യന്മാർ ലോകമെങ്ങും പോയപ്പോൾ തോമാശ്ലീഹാ വന്നത് ഭാരതത്തിലേക്കായിരുന്നു. എഡി 52 ൽ കൊടുങ്ങല്ലൂരില്‌ കപ്പലിറങ്ങിയതു മുതൽ മൈലാപ്പൂരിൽ കുന്തത്താൽ കുത്തപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതു വരെയുള്ള കാലത്തിനിടയിൽ അനവധി പള്ളികൾ സ്ഥാപിക്കുവാനും ആയിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുവാനും തോമാശ്ലീഹായ്ക്ക് സാധിച്ചുവെന്നാണ് ചരിത്രം. കേരളത്തിൽ തോമാശ്ലീഹാ ഏഴു പള്ളികളാണ് സ്ഥാപിച്ചത്.

തോമാശ്ലീഹായും മലയാറ്റൂരും

കേരളത്തിലെ വിവിധ ഇടങ്ങളിലൂടെയുള്ള യാത്രയിൽ തോമാശ്ലീഹാ മലയാറ്റൂരും എത്തിയിരുന്നു. കാടു പിടിച്ചുകിടന്ന ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവും നിത്യസംഭവമായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ തോമാശ്ലീഹ ദിവസങ്ങളോളം ഈ മലമുകളിൽ പ്രാർത്ഥിച്ചിരിക്കുമായിരുന്നുവത്രെ. ഇത്തരം സമയങ്ങളിൽ മാതാവ് പ്രത്യക്ഷപ്പെട്ട് തോമാശ്ലീഹായെ ആശ്വസിപ്പിച്ചിരുന്നു എന്നാണ് വിശ്വാസം. കരിങ്കല്ലിൽ പതിഞ്ഞിരിക്കുന്ന തോമാശ്ലാഹായുടെ കാല്പാദം ഇവിടെ കാണാൻ കഴിയും.

പൊൻകുരിശ്

മലയാറ്റൂർ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ പൊൻകുരിശ്. തന്റെ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ തോമാശ്ലീഹ മലയുടെ മുകളില്‍ പാറക്കല്ലില്‍ കൈകൊണ്ട് ഒരു കുരിശിന്‍റെ രൂപം വരച്ചു. ഇവിടെ പിന്നീട് ഒരു പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം.മലമുകളിലെ കുരിശിന്റെ അടിയില്‍ ഈ പൊൻകുരിശുണ്ടത്രെ. ഇത് കൂടാതെ, തോമാശ്ലാഹാ പാറപ്പുറത്ത് വടി കൊണ്ട് അടിച്ചപ്പോള്‍ രൂപം കൊണ്ട ഒരത്ഭുത നീരുറവയും ഇവിടെ കാണാൻ കഴിയും.

പൊന്മല കയറ്റം

തോമാശ്ലീഹായുടെ രക്തസാക്ഷിത്വം നടന്നിട്ട് വീണ്ടും നൂറ്റാണ്ടുകൾ കഴിഞ്ഞാണ് മലയാറ്റൂർ ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ ഇവിടുത്തെ മലവേടന്മാർ മലയിൽ നായാട്ടിനു പോയത്രെ. യാത്രയിൽ വിശ്രമിക്കുവാനായി ഇവർ തിരഞ്ഞെടുത്തത് തോമാശ്ലീഹ പ്രാർത്ഥിച്ചിരുന്ന വിരിപ്പാറയിൽ ആയിരുന്നു. പാറയിൽ അവർക്കു കാണുവാൻ സാധിച്ചത് തോമാശ്ലാഹായുടെ കാൽപ്പാദങ്ങളുടെയും കാൽമുട്ടുകളുടെയും മുദ്രയായിരുന്നു. ഇതറിഞ്ഞതോടെ ആളുകൾ ഇവിടേക്ക് പ്രാർത്ഥനയ്ക്ക് വരുവാനായി തുടങ്ങുകയും അങ്ങനെ കുരിശുമല കയറ്റം ആരംഭിക്കുകയും ചെയ്തുവത്രെ . മലയിലെ പൊൻകുരിശു വണങ്ങി പ്രാർത്ഥിക്കുവാനായിരുന്നു മലകയറ്റം. കുരിശുകണ്ടെത്തിയ ഇടം എന്ന അർത്ഥത്തിൽ ഈ മല കുരിശുമലയെന്ന പേരിലറിയപ്പെടുകയും ചെയ്തു.

എഡി 900 ൽ ആണ് പെരിയാറിന്റെ തീരത്ത് കുരിശുമുടി പള്ളി നിർമ്മിക്കുന്നത്. തോമാശ്ലീഹായാണ് ഇത് നിർമ്മിച്ചതെന്നും വിശ്വാസമുണ്ട്. ഇവിടെയെത്തുന്ന തീർത്ഥാടകർ കുരിശുമുടി പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് മുകളിലേക്ക് കയറുന്നത്. പൊൻകുരിശ് കപ്പേളയും ആനകുത്തിയ പള്ളിയും മലയാറ്റൂർ മലയുടെ മുകളിൽ പൊൻകുരിശ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കപ്പേളയാണ് പൊൻകുരിശ് കപ്പേള. പഴയ കപ്പേള അഥവാ ആനകുത്തിയ പള്ളിയും ഇവിടെ കാണാം. കാടിനുള്ളിൽ നിർമ്മിച്ച പള്ളിയുടെ കിഴക്കേ ഭിത്തിയിൽ ആന കുത്തിയ പാട് കാണാം. അങ്ങനെയാണിത് ആനകുത്തിയ പള്ളി എന്നറിയപ്പെടുന്നത്.

അയർലണ്ടിലേക്ക് കുടിയേറിയ മാർത്തോമാ വിശ്വാസികൾക്ക് മലയാറ്റൂർ പോലെ മാറിയിരിക്കുകയാണ് ബ്രെ ഹെഡ്. സീറോ മലബാർ സമൂഹവും ഇതര ക്രിസ്ത്യൻ വിശ്വാസികളും ഐറീഷുകാരും ബ്രെ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട് .

Top