സ്വന്തം ലേഖകൻ
ഡബ്ലിൻ:പബ്ലിക് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കാനായി വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികളെ അടുത്ത വർഷം മുതൽ സ്വകാര്യ ആശുപത്രികളിലേയ്ക്കു പറഞ്ഞയയ്ക്കുമെന്ന് ആരോഗ്യമന്ത്രി സിമോൺ ഹാരിസ്. ഇവർക്ക് സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ , രോഗനിർണ്ണയം, പരിശോധന എന്നിവയ്ക്ക് സൗകര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് വെയ്റ്റിങ് ലിസ്റ്റിലുള്ള 535,000 രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ 20 മില്ല്യൺ യൂറോ സഹായധനം പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയിലെ വികസനത്തിനായി അടുത്ത വർഷം 14.1 ബില്ല്യൺ യൂറോ ലഭിക്കുമെന്ന് മന്ത്രി ഹാരിസ് പറഞ്ഞു. ആരോഗ്യ ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ ഇവയാണ്:
1. പബ്ലിക് വെയ്റ്റിങ് ലിസ്സ്റ്റിലുള്ളവരെ സഹായിക്കാൻ 50 മില്ല്യൺ യൂറോ
2. പ്രിസ്‌ക്രിപ്ഷന് ഒരു മാസം ഈടാക്കുന്ന തുകയിൽ 5 യൂറോ കുറവ് വരുത്തും. അതായത് ഒരു പ്രിസ്‌ക്രിപ്ഷന് ഇനി 2.50 യൂറോയ്ക്ക് പകരം 2 യൂറോ നൽകിയാൽ മതിയാകും.
3. ഹോം കെയറിനായി 10 യൂറോ അധിക ധനസഹായം
4. ഡൊമിസിലറി കെയർ അലവൻസ് ലഭിക്കുന്ന 10,000 കുട്ടികൾക്ക് മെഡിക്കൽ കാർഡ്
5. മാനസികാരോഗ്യ മേഖലയ്ക്ക് 35 മില്ല്യൺ യൂറോ ധനസഹായം
6. മെനിഞ്ചൈറ്റിസ് ബി, റോട്ടാവൈറസ് വാക്‌സിനുകൾ ലഭ്യമാക്കും
7. ഫിസി ഡ്രിങ്ക്‌സിന് 2018 മുതൽ ഷുഗർ ടാക്‌സ് ഏർപ്പെടുത്തും. സ്വതന്ത്രകക്ഷി മന്ത്രിമാർ ഇടപെട്ടാണ് പ്രിസ്‌ക്രിപ്ഷൻ ചാർജ്ജിൽ കുറവ് വരുത്തിയത്.