സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ കുടിയേറ്റക്കാരായ ജീവനക്കാരുടെ വെൽഫെയർ ഫണ്ടിൽ പരിധി ഏർപ്പെടുത്തുന്ന കാര്യത്തിൽ അയർലൻഡിനു യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചതായി സൂചന. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായുള്ള അയർലൻഡിലെ അവസ്ഥ പരിഗണിച്ചാണ് യൂറോപ്യൻ കമ്മിഷൻ ഇത്തരത്തിൽ നിർദേശം നൽകിയതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനുള്ള ഉത്തരവുകൾ അടുത്ത ദിവസം തന്നെ കൈമാറുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പ് സംബന്ധിച്ചു ചർച്ച നടത്തി തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എൻഡാ കെനി അടക്കമുള്ളവർ ബ്രസൽസിലെത്തി ചർച്ച നടത്തിയിരുന്നു. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പ് സംബന്ധിച്ചു കഴിഞ്ഞ വർഷം നടന്ന റഫറണ്ടത്തിന്റെ ഭാഗമായാണ് ചർച്ചകൾ നടന്നതും. എന്നാൽ, ഇതേ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ അയർലൻഡിൽ കുടിയേറ്റക്കാരായ തൊഴിലാളികളുടെ വെൽഫെയർ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതും.
ഇപ്പോൾ വെൽഫെയർ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാൻ അയർലൻഡും ബ്രിട്ടണും തീരുമാനിക്കുന്നത് യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളെയും പ്രതിസന്ധിയിലേയ്ക്കു തള്ളിവിടും എന്ന സൂചനകളും ലഭിക്കുന്നുണ്ട്. മറ്റ് അംഗരാജ്യങ്ങളും ഇതേ രീതിയിൽ തന്നെ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഇത് ഇത്തരം രാജ്യങ്ങളിൽ പ്രതിസന്ധികളും പ്രശ്‌നങ്ങളും സൃഷ്ടിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഈസ്‌റ്റേൺ ആൻഡ് നോർത്തേൺ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇപ്പോൾ വെൽഫെയർ പ്രതിസന്ധി ശക്തമായി തുടരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.