സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ സാമൂഹിക ക്ഷേമപെൻഷനുകളുടെയും ആനൂകൂല്യങ്ങളുടെയും പേരിൽ വൻ തട്ടിപ്പു നടത്തുന്നതായി സൂചന. വ്യാജ രേഖകൾ ചമച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന സഘം പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതർ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മാസംതോറും ശരാശരി 2,000 പേർ വീതം വെൽഫെയർ തട്ടിപ്പ് നടത്തുന്നതായിട്ടാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സാമൂഹ്യ സുരക്ഷാ വകുപ്പ്. ഇക്കാര്യം അന്വേഷിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള 91 ഇൻസ്‌പെക്ടർമാർ അടങ്ങുന്ന തട്ടിപ്പ് അന്വേഷണസംഘത്തിൽ 20 പേരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.
പോലീസ് ജോലിയിൽ മികവ് തെളിയിച്ച ഇൻസ്‌പെക്ടർമാർ ഉൾപ്പെട്ട പട്ടിക കഴിഞ്ഞ ഒക്‌ടോബറിലാണ് സാമൂഹ്യ സുരക്ഷാ വിഭാഗം മന്ത്രി പ്രഖ്യാപിച്ചത്. വെൽഫെയർ തട്ടിപ്പാണ് പ്രധാന കാര്യമെങ്കിലും നികുതിപ്പണത്തിൻെ്‌റ കാര്യത്തിലെ സുരക്ഷ കൂടി ഇവർ ഉറപ്പാക്കും. ഡബൽൻ, ഡൺഡാൾക്ക്, ലെറ്റർ കെന്നി, മോണാഗൻ, ലോങ്‌ഫോർഡ്, ഗാൽവേ, ലിമറിക്, നവാൻ, സ്ലൈഗോ എന്നിവിടങ്ങളിലായിരിക്കും പുതിയ ജീവനക്കാരെ നിയോഗിക്കുക.
സാമൂഹ്യ സുരക്ഷാ വകുപ്പ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെൽഫെയർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 25,000 കേസുകൾ കണ്ടെത്താനായിട്ടുണ്ട്. എന്നാൽ 2014 നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.