ദുബയ്: കുടുംബാംഗങ്ങള്‍ക്കായുള്ള വാട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിന് ഭര്‍ത്താവിനെതിരെ ഭാര്യ ദുബയ് പോലീസില്‍ പരാതി നല്‍കി. ഗ്രൂപ്പ് അഡ്മിനായ ഭര്‍ത്താവിന്റെ സഹോദരിയാണ് ഈ യുവതിയെ നീക്കം ചെയ്തത്. ഗ്രൂപ്പില്‍ നിന്നും നീക്കിയതിനെതിരെ ഭര്‍ത്താവിനോട് പരാതി പറഞ്ഞെങ്കിലും ഭര്‍ത്താവ് സഹോദരിയെ ന്യായീകരിക്കുന്ന സമീപനം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഈ വീട്ടമ്മ ദുബയ് പോലീസില്‍ പരാതിയുമായി സമീപിച്ചത്.
കുടുംബങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിന്ന ഈ ഗ്രൂപ്പില്‍ വാര്‍ത്തകളും തമാശകളും മറ്റുമായിരുന്നു പങ്ക് വെച്ചിരുന്നത്. കുടുംബത്തില്‍ തന്നെ തീര്‍ക്കാന്‍ കഴിയുമായിരുന്ന കേസാണ് പരാതിയായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ദുബയ് പോലീസിന്റെ ബാല, വനിതാ സംരക്ഷണ വിഭാഗം മേധാവി മേജര്‍ ഷഹീന്‍ അല്‍ മസ്മി പറഞ്ഞു.
മറ്റുള്ളവരെ പ്രകോപിക്കുന്ന പോസ്റ്റുകള്‍ പങ്ക് വെച്ചതിനാണ് ഇവരെ ഗ്രുപ്പില്‍ നിന്നും പുറത്താക്കിയതെന്നാണ് സഹോദരിയുടെ വാദം. പോലീസിന്റെ സഹായത്തോടെ ബന്ധം ഒത്ത് തീര്‍പ്പാക്കിയിട്ടുണ്ട്. 70 ശതമാനം കുടുംബ കേസുകളും വീട്ടില്‍ തന്നെ ഒത്ത് തീര്‍പ്പാക്കാന്‍ കഴിയുന്നതാണന്ന് മേജര്‍ മസ്മി പറഞ്ഞു.