സ്വന്തം മകൾ പിശാച് ആണ് എന്ന് ആരോപിച്ച് അമ്മ അഞ്ചുവയസ്സുകാരിയായ മകളെ കൊന്നു. വളരെ ഹീനമായ രീതിയിലാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൂസ്റ്റൺ പ്രാന്തപ്രദേശമായ ടോംബോളിലെ പാർക്കിന് സമീപമുള്ള വനപ്രദേശത്തേക്ക് കുഞ്ഞുമായി എത്തിയ മെലീസ അവിടെവച്ച് അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി കുഞ്ഞിനെ ആദ്യം മുട്ടിൽ നിർത്തി. ശേഷം കഴുത്ത് അറുത്തെടുത്തു.
കൊലപാതകം നടത്തുന്നതിനിടയിൽ കുട്ടി ഉറക്കെ കരയുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തുവെങ്കിലും പരാജയപ്പെട്ടു പോയതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം മെലീസ തന്റെ മകളുടെ മൃതദേഹം ടോംബോളിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഒരു നഴ്‌സ് മെലീസയുടെ പാസഞ്ചർ സൈഡിലെ ബാഗിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മരണത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് പ്രസ്താവനയിൽ പറഞ്ഞു. 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ള മറ്റ് മൂന്ന് കുട്ടികളും മെലിസയ്ക്ക് ഉണ്ടെന്നും അവർ സുരക്ഷിതരാണെന്നും മറ്റ് ബന്ധുക്കൾക്കൊപ്പം താമസിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.
37 -കാരിയായ മെലിസ ടൗൺ ആണ് തന്റെ മകൾ നിക്കോൾ ഒരു പിശാച് ആണ് എന്ന് മുദ്രകുത്തി ഈ ഹീനകൃത്യം ചെയ്തത്. എന്നാൽ, കൊലപാതക കുറ്റത്തിന് അറസ്റ്റിലായ മെലിസ ഒരു മാനസികപ്രശ്നമുള്ള രോഗിയാണ് എന്ന വാദവുമായി എത്തിയിരിക്കുകയാണ് അവരുടെ അഭിഭാഷകൻ ഇപ്പോൾ കോടതിയിൽ.
കുഞ്ഞിൻറെ മരണത്തിൽ കൊലപാതകക്കുറ്റം ചുമത്തി മെലീസ തടവിലാക്കപ്പെട്ടിരുന്നു. കേസിന്റെ വിചാരണ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണയ്ക്കിടെ കരഞ്ഞുകൊണ്ട് അവൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി.
ഈ വിചാരണവേളയിലാണ് മെലീസക്ക് വേണ്ടി ടൗൺ കോടതി നിയോഗിച്ച അറ്റോർണി ജെയിംസ് സ്റ്റാഫോർഡ് അവൾ ഒരു മാനസിക രോഗിയാണ് എന്ന് വാദിച്ചത്. ഹിയറിംഗിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. മെലിസ ഒരു സ്കീസോഫ്രീനിക് ആണെന്നും, മാനസികരോഗം കാരണം ഒമ്പത് തവണ അവളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.