സ്വന്തം ലേഖകൻ
വെർജീനിയ: കുടുംബ കലഹം നടക്കുന്ന വിവരം ലഭിച്ച് എത്തിച്ചേർന്ന വനിതാ പൊലീസ് ഓഫിസർമാർ ഉൾപ്പെടെ മൂന്നു പേർക്കു നേരെ വീടിനകത്തു നിന്നും വെടിയുതിർത്തു. സംഭവത്തിൽ വെടിയേറ്റ ആഷ്‌ലി ഗുയ്‌സൺ(28) കൊല്ലപ്പെടുകയും, മറ്റു രണ്ടു വനിതാ പൊലീസ് ഓഫിസർമാർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
വാഷിങ്ടൺ ഡിസിയിൽ നിന്നും 25 മൈൽ അകലെയുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ. വൈകിട്ട് അഞ്ചരയോടെ പ്രിൻസ് വില്യം കൗണ്ടി പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ മൂന്നു പൊലീസ് ഓഫിസർമാരാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിച്ചേർന്നത്. ഇതിൽ വനിതാ പൊലീസ് ഓഫിസർ പരിശീലനം പൂർത്തിയാക്കി വെള്ളിയാഴ്ച സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യമായാണ് ശനിയാഴ്ച ജോലിയിൽ പ്രവേശിച്ചത്.
വെടിവയ്പ്പിനു ശേഷം പ്രതി പൊലീസിനു കീഴടങ്ങി. തുടർന്നു വീടിനകത്തു പ്രവേശിച്ച പൊലീസ് കണ്ടത് വെടിയേറ്റു മരിച്ചു കിടക്കുന്ന പ്രതെിയുടെ ഭാര്യയെയാണ്. വെടിയേറ്റ മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുന്നതായി കൗണ്ടി സൂപ്പർ വൈസേഴ്‌സ് ബോർഡ് ചെയർമാൻ കോറി സ്റ്റുവർട്ട് പറഞ്ഞു.
പെന്റഗൺ ആർമി സ്റ്റാഫ് സേർജെന്റ് റൊണാൾഡ് വില്യംസ് ഹാമിൽടണാണ് (32) ഈ കേസിൽ അറസ്റ്റിലായതെന്നു പൊലീസ് അധികൃതർ വെളിപ്പെടുത്തി.