ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: പിയര്‍ലന്റെ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മാണ ധനശേഖരാണാര്‍ഥം ജനുവരി ഒന്‍പതിനു വൈകിട്ട് അഞ്ചരയ്ക്കു ദേവാലയാങ്കണത്തില്‍ വാര്‍ഷിക ഇടവക കൂട്ടായ്മയും വണ്ടേഴ്‌സ് ഓഫ് വിന്റര്‍ കലാപരിപാടികളും നടന്നു. കേരളത്തിന്റെ പരമ്പരാഗത വാദ്യഘോഷമായ ചെണ്ടമേളത്തോടെ അതിഥികളെയും സദസ്യരെയും സംഘാടകര്‍ സ്വീകരിച്ചു. ദിയ ഫിലിപ്പിന്റെയും, ദിയ ജേക്കബിന്റെയും പ്രാര്‍ഥന നൃത്തത്തോടെ പരിപാടികള്‍ക്കു തുടക്കമായി.
ഇവന്റെ ഡയറക്ടറും ഇടവക വികാരിയുമായ റവ.ഫാ.കുര്യന്‍ നെടുംചാലിലിന്റെ അസാന്നിധ്യത്തില്‍ അസിസ്റ്റന്റ് വികാരി റവ.ഫാ.വില്‍സണ്‍ ആന്റണി വണ്ടേഴ്‌സ് ഓപ് വിന്റര്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബോസ് കുര്യന്‍ വിശിഷ്ടാതിഥിയായിരുന്നു. മുഖ്യ പ്രഭാഷണത്തില്‍ എസ്എംസിസി നാഷണല്‍ കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട സോണി ഫിലിപ്പിനെ അദ്ദേഹം അനുമോദിച്ചു.
പൊതുയോഗ വേദിയില്‍ ട്രസറ്റി ജിമ്മി കുമ്പാട്ട്, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സന്തോഷ് ഐപ്പ്, ജോഷി വര്‍ഗീസ്, ജോമോന്‍ ജേക്കബ്, നവീന്‍ ജോസഫ് എന്നിവര്‍ സന്നിഹിതാരിയുന്നു. ട്രിസ്റ്റിമാരായ ടെന്നിസണ്‍ മാത്യു, സിബി ജേക്കബ് എന്നിവര്‍ റാഫിള്‍ ടിക്കറ്റ് വിജയികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന നടന്ന ഷാരോണ്‍ സിബിയുടെ ഏകാഭിനയം മനുഷ്യപുത്രന്റെ ദേവീക ഭാവം വെളിപ്പെടുത്തുന്നതായിരുന്നു. ഇടവേളകളില്ലാതെ മുപ്പതോളം സംഗീത നൃത്തനാട്യ കലോപഹാരങ്ങള്‍ മൂന്നു മണിക്കൂറിനകം നടത്തി പ്രേക്ഷകരെ തെല്ലും മുഷിപ്പിക്കാതെ സദസില്‍ അണിയിച്ചൊരുക്കുവാന്‍ സാധ്യമായതാണ് വണ്ടേഴ്‌സ് ഓഫ് വിന്ററിന്റെ വിജയമെന്നു ഇവന്റ് മാനേജര്‍ സോണി ഫിലിപ്പ് അറിയിച്ചു.
യുവജനങ്ങളുടെയും മുതിര്‍ന്നവരുടേതുമായി നടന്ന അനവധി കലാപരിപാടികള്‍ ആസ്വാദകരെ ആവേശഭരിതരാക്കി. സ്‌കൂള്‍ കുട്ടികളുടെ വേഷവിധാനത്തിലെത്തിയ കോമഡി ഡാന്‍സേഴ്‌സ് സദസിനെ സന്തോഷിപ്പിച്ചു. ചടുല നൃത്തച്ചുവടുകളുമായി ആദിത്യയും സംഘവും കാണികളെ വിസ്മയിപ്പിച്ചു. ബോളിവുഡ് ഡാന്‍സിന്റെ പ്രോമോജ്വല ഭാവംകൊണ്ടു രേശ്മയും, എയ്ഞ്ചലും അരങ്ങുതകര്‍ത്തു. ക്രിസ്തുമസ് അനുഭവം പകര്‍ന്നുതരാന്‍ കൊച്ചുകുട്ടികളുടെ പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. ആഷിന്‍ ജോസഫ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
ആകാംഷയോടെ ഏവരും കാത്തിരുന്ന യൂദിത എന്ന ബൈബിള്‍ നാടകം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സോണി ഫിലിപ്പ് സംവിധാനം ചെയ്ത നാടകത്തില്‍ ജോമോന്‍ ജേക്കബ്, ഷാജു വര്‍ഗീസ്, സന്തോഷ് ഐപ്പ്, ജെസ്സീന ടോം, അലന്‍, എറിക്, ഓസ്റ്റിന്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങള്‍ക്കു ജീവനേകി. ലോകരക്ഷകനെ ചുംബനംകൊണ്ടു ഒറ്റിക്കൊടുത്ത് ഒരു മുഴം കയറില്‍ തൂങ്ങിമരിക്കുമ്പോള്‍ ലോകമറിയാതെ പോയ യൂദാസിന്റെ പ്രണയിനി യൂദിതയുടെ വിരഹ ദുഖം ഭാവനിയുടെ അതിര്‍ വരമ്പില്‍ നിന്നുകൊണ്ടു അനാവരണം ചെയ്യുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.
അശോകും ഇന്ദിരയും കാര്യപരിപാടികള്‍ നിയന്ത്രിച്ചു. അത്താഴ വിരുന്നിനു ശേഷം സോണി ഫിലിപ്പിന്റെ നന്ദി പ്രസംഗത്തോടെ ഇടവക കൂട്ടായ്മയ്ക്കു സമാപനമായി.