ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മൂന്നാം തല സര്‍വകലാശാലകള്‍ ലോക റാങ്കിങ്ങില്‍ ഏറെ പിന്നാക്കം പോയതായി റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാലകളുടെ സൌകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ലോക സമിതിയാണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം അയര്‍ലന്‍ഡിലെ സര്‍വകലാശാലകള്‍ ലോക റാങ്കിങ്ങില്‍ മുന്‍ നിലവാരത്തില്‍ നിന്നു താഴേയ്ക്കു പോയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 71 –ാം റാങ്കിലുണ്ടായിരുന്ന ട്രിനിറ്റി കോളജ് ഓഫ് ഡബ്ലിന്‍, ഇത്തവണ ഏഴ് പടികള്‍ താഴേയ്ക്കിറങ്ങി 78 –ാം റാങ്കിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ 139 റാങ്ക് വരെ ഉയര്‍ന്ന യുസിഡി ഇത്തവണ 154 ലാണ് റാങ്ക് നേടിയത്. യൂണിവേഴ്സിറ്റി കോളജ് ഓഫ് കോര്‍ക്കിന്റെ റാങ്ക് മൂന്നു പടി ഇടിഞ്ഞ് 233 ല്‍ എത്തി.
എന്നാല്‍, രാജ്യത്തെ വലിയ സര്‍വകലാശാലകള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ചെറിയ സര്‍വകലാശാലകള്‍ ചെറിയ ചെറിയ നേട്ടങ്ങളും ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. എന്‍യുഐ ഗാല്‍വേ 280 ല്‍ നിന്നും 271 ലേയ്ക്കു റാങ്കിങ് മെച്ചപ്പെടുത്തിയപ്പോള്‍, ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി 366 ല്‍ നിന്നു 353 ആയി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ റാങ്കിങ് 550 ആയിരുന്ന യൂണിവേഴ്സിറ്റി ഓഫ് ലിമറികിന്റെ റാങ്ക് 501 ആയി ഉയര്‍ന്നിട്ടുണ്ട്. മൈനൂത്ത് സര്‍വകലാശാലയുടെ റാങ്ക് 650 ല്‍ നിന്നു 601 ആയി ഉയര്‍ന്നിട്ടുണ്ട്.