അബുദാബി: എഴുത്തുകാരന് ലോകത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ടി പി ശ്രീനിവാസന്‍ പറഞ്ഞു. അബുദാബിയില്‍ രാജ്യാന്തര പുസ്തകമേളയില്‍ സിറാജ് ദിനപത്രം ഒരുക്കിയ മീറ്റ് ദ ഡിപ്ലോമാറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ ലോകത്തിന്റെ ഗുരുനാഥനാണ്. ഗുരുനാഥന് ഒരിക്കലും തെറ്റുപറ്റിക്കൂട. വായനക്കാരനാണെങ്കില്‍ ദ്രോണാചാര്യര്‍ക്കു മുന്നിലെ ഏകലവ്യനുമാണ്. എന്നാല്‍ എഴുത്തുകാരന് തെറ്റുപറ്റുമ്പോള്‍ ലോകത്തിനാകെ തെറ്റുപറ്റുകയാണ് സംഭവിക്കുന്നത്. എല്ലാ എഴുത്തുകാരും വായനക്കാരാണ്. പക്ഷേ എല്ലാ വായനക്കാരും എഴുത്തുകാരല്ല. വായിക്കാത്ത എഴുത്തുകാരന്റെ രചനകള്‍ സ്വീകാര്യവുമല്ല. ചില പുസ്തകങ്ങള്‍ രുചിക്കാനുള്ളതാണ്. മറ്റു ചില പുസ്തകങ്ങള്‍ ചവച്ചരക്കാനുള്ളതും. അത്തരം പുസ്തകങ്ങളാണ് ലോകത്തെ മാറ്റിമറിക്കുന്നത്. നിങ്ങളൊരു പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ മാറ്റം സംഭവിക്കുന്നുണ്ട്. വായനക്കാരന്‍ നിശബ്ദനായിരിക്കാം. എന്നാല്‍ ആ നിശബ്ദത പുസ്തകവായനയെത്തുടര്‍ന്നുള്ള വലിയ ചിന്തയുടെ അടയാളമായിരിക്കും. വായനക്കാരന്റെ സമീപനം മാറുകയായിരിക്കും. നിങ്ങള്‍ക്ക് ഒരു പുസ്തകത്തേയും അവഗണിക്കാന്‍ കഴിയില്ല. കാറല്‍ മാര്‍ക്‌സ് മൂലധനമെഴുതി. അതിലെ ആശയങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷേ, കാറല്‍ മാര്‍ക്‌സിനെ അവഗണിക്കാന്‍ കഴിയില്ല.
പുസ്തകത്തിന്റെ മൂല്യം നിമിഷങ്ങള്‍ക്കകം കിട്ടുന്നതല്ല. ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരിക്കും അതിന്റെ മൂല്യം വായനക്കാരന്‍ തിരിച്ചറിയുക. പുസ്തകങ്ങള്‍ രാജ്യാന്തര അതിര്‍ത്തികളെ ഇല്ലാതാക്കും. എന്നാല്‍ ചില ആശയങ്ങള്‍ ചില സമൂഹങ്ങള്‍ക്ക് രുചിക്കില്ലായിരിക്കും. പക്ഷേ ആശയങ്ങള്‍ അടിച്ചമര്‍ത്താന്‍ പാടില്ല.
സോവിയറ്റ് യൂണിയന്‍ ഡോക്ടര്‍ ഷിവാഗോ എന്ന പുസ്തകം നിരോധിച്ചു. അതേക്കുറിച്ചൊരു തമാശയുണ്ട്. അത് ആ പുസ്തകം തീരെ വായിക്കാന്‍ കൊള്ളാത്തതാണെന്ന് ഒരു നേതാവ് അഭിപ്രായപ്പെട്ടു. താങ്കള്‍ ആ പുസ്തകം വായിച്ചോ എന്ന ചോദ്യത്തിന് വായിച്ചിട്ടില്ല പക്ഷേ പാര്‍ട്ടി പറഞ്ഞതാണ് അത് എന്നായിരുന്നു ആ നേതാവിന്റെ ഉത്തരം. ടി പി ശ്രീനിവാസന്‍ പറഞ്ഞു.
വിദ്യാര്‍ഥികളുമായി ആശയ വിനിമയ പരിപാടിയും ഉണ്ടായിരുന്നു. പേപ്പര്‍ പുസ്തകമാണോ ഇലക്‌ട്രോണിക് പുസ്തകമാണോ താങ്കള്‍ക്കിഷ്ടപ്പെടുക എന്ന ചോദ്യത്തിന് അത് ഓരോ അവസരത്തെ ആശ്രയിച്ചിരിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പുസ്തകങ്ങളുടെ ഗന്ധം അത്രമേല്‍ ആകര്‍ഷകമാണ്. തന്നെ സംബന്ധിച്ചിടത്തോളം പേപ്പര്‍ പുസ്തകങ്ങളാണ് ഏറ്റവും സ്വീകാര്യമായതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു എഴുത്തുകാരന് അത്യാവശ്യം വേണ്ട ഗുണമെന്തെന്ന ചോദ്യത്തിന് ഭാഷയുടെ കരുത്തും സൗന്ദര്യവും തന്നെയാണ് തന്നെയാണ് പ്രധാനമെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കി.
എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമിയിലെ വിദ്യാര്‍ഥികളുമായായിരുന്നു ആശയ വിനിമയം. കെ എം അബ്ബാസിന്റെ കഥാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ‘സ്റ്റോറീസ്’, ‘ദി ഡെസേര്‍ട്ട്’ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം വിദ്യാര്‍ഥികള്‍ക്ക് നല്‍കി. സിറാജ് ദിനപത്രം ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. കെ കെ മൊയ്തീന്‍കോയ പങ്കെടുത്തു. മുനീര്‍ പാണ്ട്യാല സ്വാഗതവും കെ എം അബ്ബാസ് നന്ദിയും പറഞ്ഞു.
എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി വിദ്യാര്‍ഥി സാമിയ ആരിഫാണ് ടി പി സീതാറാമില്‍നിന്ന് കെ എം അബ്ബാസ് സ്റ്റോറീസ് ആദ്യം സ്വീകരിച്ചത്.റാശിദ് പൂമാടം,മന്‍സൂര്‍ ആദം, മുഹമ്മദ് ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടി പി ശ്രീനിവാസന് സിറാജിന്റെ ഉപഹാരം ശരീഫ് കാരശ്ശേരി കൈമാറി.