ഇന്ത്യയേക്കാൾ 5% വിലക്കുറവിൽ സ്വർണം വാങ്ങാം ദുബായിൽ ! സ്വർണത്തിന് നികുതിയിളവ് !

ദുബായ്: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ നികുതി കുറച്ചത് നേരിട്ടു പ്രതിഫലിക്കുക ദുബായിലെ സ്വർണവിപണിയിൽ. 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്കു നികുതി കുറച്ചതോടെ ഇന്ത്യയിലെയും ദുബായിലെയും സ്വർണവിലയിലെ അന്തരം കുറഞ്ഞു. എങ്കിലും ഇന്ത്യയിലേതിനെക്കാൾ 5 ശതമാനം വരെ വിലക്കുറവിലായിരിക്കും ദുബായിൽ ലഭിക്കുക. എന്നാൽ, സ്വർണം വാങ്ങാൻ മാത്രമായി ദുബായിലേക്കു വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

യാത്രാ, താമസ ചെലവുകൾ കൂടി കണക്കാക്കുമ്പോൾ സ്വർണം വാങ്ങാൻ മാത്രമായി വരുന്നത് ലാഭകരമാകില്ല. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി രാജ്യം സന്ദർശിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ ഇപ്പോഴും ദുബായ് വിപണി തന്നെയാണ് മികച്ച ഓപ്ഷൻ. സന്ദർശക വീസയിൽ എത്തുന്നവർക്ക് നികുതിയില്ലാതെ സ്വർണം വാങ്ങാം എന്നതും ദുബായി വിപണിയുടെ നേട്ടമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎഇയിൽ എവിടെ നിന്നു സ്വർണം വാങ്ങിയാലും 5% മൂല്യ വർധിത നികുതി നൽകണം. അതേസമയം, സന്ദർശക വീസയിൽ എത്തുന്നവർക്ക് ഈ നികുതി അവരുടെ മടക്കയാത്രയിൽ വിമാനത്താവളത്തിൽ നിന്നു തിരികെ ലഭിക്കും. പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി നൽകി സ്വർണം ബിൽ ചെയ്യണമെന്നു മാത്രം. കടകളിൽ നൽകുന്ന 5 ശതമാനം നികുതി വിമാനത്താവളത്തിൽ വാറ്റ് കൗണ്ടറുകളിൽ ബില്ല് കാണിച്ചാൽ തിരികെ ലഭിക്കും.

ഫലത്തിൽ ദുബായിൽ നിന്നു വാങ്ങുന്ന സ്വർണത്തിന് ഒരു രൂപ പോലും നികുതി നൽകേണ്ടിവരില്ല. ഇന്ത്യയിൽ 15 ശതമാനം നികുതിയുണ്ടായിരുന്നപ്പോൾ ആയിരക്കണക്കിന് ആളുകളാണ് സന്ദർശക വീസയിൽ യുഎഇയിൽ എത്തി സ്വർണം വാങ്ങി മടങ്ങിയിരുന്നത്.

അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളരും ദുബായിൽ എത്തി സ്വർണം വാങ്ങിയിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി കുടുംബത്തോടെ ദുബായിൽ എത്തി സ്വർണം വാങ്ങിയിരുന്ന രീതിക്ക് ഇനി മാറ്റം വരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പ്രവചനം. അതേസമയം, നികുതി കുറച്ചതിലൂടെ സ്വർണക്കള്ളക്കടത്തിന് കടിഞ്ഞാണിടാൻ കഴിയുമെന്നു വ്യാപാരികൾ പറയുന്നു.

Top