ചെറുപ്പക്കാരായ ഡോക് ടര്‍മാര്‍ ആരോഗ്യ മേഖല ഉപേക്ഷിക്കുന്നതായി എച്ച്എസ്ഇ

ഡബ്ലിന്‍ രാജ്യത്തെ ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയെ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സ്വകാര്യ മേഖളകളെയും മറ്റു രാജ്യങ്ങളിലെ ആരോഗ്യ മേഖലയെയുമാണ് ഇപ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗുരുതരമായ പ്രതിസന്ധി വരും കാലങ്ങളില്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്കു നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഡോക്ടര്‍മാരെ അയര്‍ലന്‍ഡില്‍ തന്നെ നിലനിര്‍ത്തുന്നതിന് ഐറിഷ് ഹെല്‍ത്ത് സര്‍വീസ് മുന്‍കൈയെടുക്കുന്നുവെന്നത് വലിയൊരു അംഗീകാരമാണെന്ന് എച്ച്എസ്ഇയുടെ ഡോക്ടേഴ്‌സ് ട്രെയിനിംഗ് ഡയറക്ടറായ പ്രൊഫ. എലിസ് മക്‌ഗോവേണ്‍ പറഞ്ഞു. മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിനെ അയര്‍ലന്‍ഡില്‍ പഠിക്കുന്നതിനും ജോലിചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചില ട്രെയിനിഗ് സ്ഥാപനങ്ങള്‍ വിദേശസ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് കോഴ്‌സിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നുണ്ടെന്നും കോഴ്‌സ് കൂടുതല്‍ ആകര്‍ഷകമാകാന്‍ കോഴ്‌സ് ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഐറിഷ് ആരോഗ്യമേഖലയില്‍ റിക്രൂട്ടിംഗ് നടപടികളില്‍ വരുന്ന പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ റിക്രൂട്ടിംഗ് നടപടികളില്‍ കുറേയെറേ പുരോഗതിയുണ്ടെന്നും ഈ വര്‍ഷം ആരംഭിച്ചതുമുതല്‍ 140 ഡോക്ടര്‍മാരും 500 നഴ്‌സുമാരെയും എച്ച്എസ്ഇ പേറോളിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും പരിപാടിയില്‍ സംസാരിക്കവേ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു. ജനുവരി മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ശമ്പളം പുനസ്ഥാപിച്ചിട്ടുണ്ടെന്നും നികുതിയിലും യുഎസ്‌സിയിലും കുറവ് വരുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയര്‍ലന്‍ഡില്‍ ജോലിചെയ്യാന്‍ ആകര്‍ഷിക്കുന്ന രീതിയിലാണ് ബജറ്റിലെ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
500 നഴ്‌സുമാരെ അയര്‍ലന്‍ഡിലേക്ക് തിരികെ കൊണ്ടുവരാന്‍ എച്ച്എസ്ഇ ജൂലൈ മുതല്‍ നടത്തിയ കാംപെയ്‌നിന്റെ ഭാഗമായി 350 അപേക്ഷകള്‍ ലഭിച്ചുവെന്നും 10 ശതമാനം ഒഴിവുകള്‍ നികത്തിയെന്നും അദ്ദേഹം അറിയിച്ചു. കാംപെയ്ന്‍ വിജയമാണോ എന്നറിയാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നും തിരികെ വരാനാഗ്രഹിക്കുന്നവര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവിക്ക് നോട്ടീസ് കൊടുക്കാനും മറ്റുള്ള നടപടിക്രമങ്ങള്‍ക്കുമായി സമയം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ മെഡിക്കല്‍ പഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കായി എച്ച്എസ്ഇ തുടങ്ങിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു.

Top