പി.പി ചെറിയാൻ
മേനർ (ഹൂസ്റ്റൺ): ബിസിനസ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വീട്ടിലെത്തിയ എറിൻ മക്‌സിക്കി (36) നായ്ക്കളുടെ കൂട്ടായ ആക്രമണത്തെ തുടർന്നു മരിച്ചതായി ട്രാവിഡ് കൗണ്ടി ഷെറീഫ് ഓഫിസിൽ നിന്നും പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു.
ജൂൺ 16 ബുധനാഴ്ച രാത്രി ഫെയ് സ്ട്രീറ്റിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്നു എത്തിചേർന്ന പൊലീസുകാർക്കു കാണാൻ കഴിഞ്ഞത് ശരീരമാസകലം പരുക്കുകളോടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന എറിനെയാണ്. പൊലീസ് എറിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വീടിന്റെ മുൻ വശത്തെ ഗേറ്റ് തുറന്നു അകടത്തു കടന്നതും എറിന്റെ ശരീരത്തിലേയ്ക്കു പട്ടികൾ ചാടിക്കയറിയതും ഒന്നിച്ചായിരുന്നു. ആറു പട്ടികൾ ഒന്നിച്ചാണ് ആക്രണം നടത്തിയതെന്നു ആനിമൽ പ്രോട്ടക്ഷൻ ഓഫിസേഴ്‌സ് പറഞ്ഞു. ഹസ്‌ക്കി – ആസ്‌ട്രേലിയൻ കാറ്റിൽ ഡോഗ് സംഗര വർഗത്തിൽപ്പെട്ട പട്ടികളെ കൂടാതെ 14 പട്ടികളെയും ആനിമൽ പ്രൊട്ടക്ഷൻ അധികാരികൾ ഈ വീട്ടിൽ നിന്നും കണ്ടെത്തി.
കൃത്യമായ കുത്തിവെയ്പ്പുകൾ ഓസ്റ്റിൻ ആനിമൽ സെന്ററിൽ നടത്തിയ രേഖകൾ ഉണ്ടെങ്കിലും ശരിയായ രീതിയിൽ ഇവയെ പരിപാലിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്നു അധികൃതർ പറഞ്ഞു. മൃഗങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്ന എറിന് ജീവൻ നഷ്ടപ്പെടേണ്ടി വന്നതിൽ കുടുംബാംഗങ്ങൾ ദുഖിതരാണ്. എറിന്റെ ശരീരം ട്രാവിസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസിലേയ്ക്കു മാറ്റി. നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മൃഗങ്ങൾ എപ്പോഴാണ് പ്രകോപിതരാവുക എന്നു മനസിലാക്കുക അസാധ്യമാണ്. മൃഗങ്ങളുമായി ഇടപെഴകുന്നതിൽ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നു ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു.