ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരോ: ആശങ്ക പങ്കു വച്ച് മുന്‍ സൈനികരും മേധാവിമാരും; സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേടെന്നു സൂചന

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ച സൈനിക നീക്കത്തിനിടെ ഗ്രനേഡ് പൊട്ടി സൈനികര്‍ മരിക്കാനിടയായ സാഹചര്യം പട്ടാളത്തിനായി യൂണിഫോമും ആയുധങ്ങളും വാങ്ങുന്നതിലെ അഴിമതിയെ തുടര്‍ന്നെന്ന ആരോപണം ശക്തമാകുന്നു. കൊല്ലപ്പെട്ട തീവ്രവാദിയുടെ ശരീരത്തില്‍ നിന്നു ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെയാണ് മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരജ്ഞന്‍ അടക്കം സൈനികര്‍ കൊല്ലപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സൈനികര്‍ക്കു നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളുടെ ശക്തിയും ഇന്ത്യന്‍ സേനയുടെ ദൗര്‍ബല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, അത്യാധുനിക ഹെല്‍മെറ്റും വന്‍ ആയുധ ശേഖരവുമായാണ് ഓരോ എന്‍എസ്ജി കമാന്‍ഡോയും യുദ്ധമുഖത്തേയ്ക്ക് എത്തുന്നത്. വെടികൊണ്ടു വീഴുമ്പോഴും, അവസാന ശ്വാസം വരെയും രാജ്യവും രാജ്യത്തെ ഭരണ വര്‍ഗവും ജനങ്ങളും തനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ് ഓരോ എന്‍എസ്ജി കമാന്‍ഡോയുടെയും പട്ടാളക്കാരന്റെയും മനസിലുള്ളത്. എന്നാല്‍, രാജ്യത്തിനു വേണ്ടി പൊരുതുന്ന ഓരോ പട്ടാളക്കാരനെയും സര്‍ക്കാരും ഭരണ വര്‍ഗവും വഞ്ചിക്കുകയാണെന്ന തിരിച്ചറിവാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ പുറത്തു വരുന്നത്.
ഗ്ലോക്ക് 17 ഉം 19 എംഎമ്മിന്റെയും സെമി ഓട്ടോമാറ്റിക് പിസ്റ്റല്‍, എസ്‌ഐജി പി226 9 മില്ലിമീറ്റര്‍ സെമി ഓട്ടോമാറ്റിക് പിസ്റ്റല്‍, ഹെക്ലെര്‍ കോച്ച് എംപി5 – എ3, എ5, എസ്ഡി 3, എസ്ഡി 6, കെ.ആന്‍ഡ് കെ.പിഡിഡബ്യു 9 മില്ലി മീറ്റര്‍ സബ് മിഷ്യന്‍ഗണ്‍ എന്നിവയാണ് പ്രധാനമായും ഒരു എന്‍എസ്ജി കമാന്‍ഡോയുടെ കൈവശമുണ്ടാകുന്ന ആയുധനങ്ങള്‍. അസാള്‍ട്ട് റൈഫിള്‍, നാറ്റോ കാര്‍ബൈന്‍, നാറ്റോ ബോള്‍ട്ട് ആക്ഷന്‍ സ്‌നിപ്പര്‍ റൈഫിള്‍, നാറ്റോയുടെ സെമി ഓട്ടോമാറ്റിക് സ്‌നൈപ്പര്‍ റൈഫിള്‍, ലൈറ്റ് മിഷ്യന്‍ ഗണ്‍ എന്നിവയും ഇവരുടെ ആയുധ ശേഖരത്തില്‍ എപ്പോഴും ഉണ്ടാകും.
കോര്‍ണര്‍ ഷോട്ട്, ലേസര്‍ െൈസറ്റ്, റെഡ് ഡോട്ട് സൈറ്റ്, അത്യാധുനിക ഓഡിയോ കമ്മ്യൂണിക്കേഷന്‍ സെറ്റ്, ജിപിഎസ് ജിപിആര്‍എസ് ടെക്‌നോളജിക്കല്‍ സിസ്റ്റം, വാള്‍ സര്‍വൈലന്‍സ് റഡാര്‍, പോര്‍ട്ടബിള്‍ എക്‌സ്‌റേ മിഷ്യന്‍, രാത്രിയില്‍ കാഴ്ച ഉറപ്പാക്കുന്ന ഉപകരണം, കാഴ്ചയ്ക്കു സംരക്ഷണം നല്‍കുന്ന കണ്ണടകള്‍, സ്‌പെഷ്യല്‍ ടാക്ടിക്കല്‍ ഗിയറുകള്‍, തെര്‍മെല്‍ ഇമേജിങ് ക്യാമറ, റിമോട്ട് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ചെറിയ വാഹനം, തെന്നലില്ലാതെ ഏതു പ്രദേശത്തും നടന്നു കയറാന്‍ കഴിയുന്ന ഗ്രിപ്പുള ഷൂ, വെടിയുണ്ടയില്‍ നിന്നും സ്‌ഫോടനത്തില്‍ നിന്നും സംരക്ഷണം ഉറപ്പു നല്‍കുന്ന സ്യൂട്ട്, ഹാന്‍ഡ്‌സ് ഫ്രീ കമ്മ്യൂണിക്കേഷന്‍ സെറ്റും വെടിയുണ്ടയില്‍ നിന്നു സംരക്ഷണം ഉറപ്പു നല്‍കുന്ന ബുള്ളറ്റ് പ്രൂഫ് സംവിധാനം അടങ്ങിയ ഹെല്‍മെറ്റ്, വെടിയുണ്ടയില്‍ നിന്നു ചങ്കിനെ സംരക്ഷിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ക്ലീ പാഡ്, എല്‍ബോ പാഡ് എന്നിവ അടക്കം ഏതാണ്ട് അഞ്ചു കോടി രൂപയുടെ ഉപകരണങ്ങളാണ് ആയുധനങ്ങളും സുരക്ഷാ വസ്ത്രങ്ങളായും ഒരു എന്‍എസ്ജി കമാന്‍ഡോയ്ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
എന്നാല്‍, എന്‍എസ്ജി കമാന്‍ഡോകള്‍ക്കു നല്‍കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരെ തന്നെ ഇപ്പോള്‍ സംശയത്തിലാക്കുന്നതാണ് ഇപ്പോഴത്തെ സ്‌ഫോടനത്തില്‍ നിരഞ്ജന്‍ അടക്കമുള്ളവരുടെ വീരമൃത്യു. കൃത്യമായി ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോനടത്തില്‍ നിന്നു തല സംരക്ഷിക്കാന്‍ സാധിക്കുന്ന ഹെല്‍മെറ്റും, ജാക്കറ്റും, അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിരഞ്ജന്‍ ബോംബ് നിര്‍വീര്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. അമേരിക്കന്‍ സേനയുടെ പക്കലുള്ള ബോംബ് നിര്‍വീര്യമാക്കല്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ രണ്ടു സെന്റീമീറ്റര്‍ അകലെ നിന്നുണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ നിന്നു പോലും രക്ഷപെടാന്‍ സാധിക്കും. ഇത്തരം ഉപകരണങ്ങള്‍ ലോകരാജ്യങ്ങളിലുള്ളപ്പോഴാണ് ഇന്ത്യന്‍ സൈനികര്‍ക്കു സ്‌ഫോടനത്തില്‍ കൊല്ലപ്പെടേണ്ട സാഹചര്യമുണ്ടാകുന്നത്. ഇത് സൈനികര്‍ക്കു എത്തിച്ചു നല്‍കുന്ന ആയുധനങ്ങളുടെയും വസ്ത്രങ്ങളുടെയും ഗുണനിലവാരത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

Top