
അഭിമുഖം: പിണറായി വിജയന്/ മാത്യു സാമുവല്‍ (തെഹെല്കയില് പ്രസിദ്ധീകരിച്ച അഭിമുഖം)
രാഷ്ട്രീയത്തില്‍ എന്നെങ്കിലും നേരിട്ടേക്കാവുന്ന തിരിച്ചടികളെ ഭയന്ന് , വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകളോട് മൗനം പാലിക്കുന്ന സാധാരണ രാഷ്ട്രീയക്കാരനല്ല പിണറായി വിജയന്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ സിപിഐഎമ്മിന്റെ അനിഷേധ്യ നേതാവായ ഈ പിണറായിക്കാരന് മുഖ്യമന്ത്രി കസേരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നുത് അവിചാരിതമായിട്ടല്ല. 50 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയില്‍ 17 വര്‍ഷവും അതിനെ നയിച്ച നേതൃപാടവം മാത്രം മതി, പിണറായിയെ വിലയിരുത്തുവാന്‍. പൊളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹം സിപിഐഎം കേരള ഘടകത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ ചെങ്കോല്‍ ഏന്തുന്ന നേതാവായി മാറിയിരിക്കുന്നു. വിജയന് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന വിധമാണ് പിണറായി വിജയന്റെ രാഷ്ട്രീയ പ്രയാണം തുടരുന്നത്.കാലഘട്ടത്തിനനുസരിച്ച് പാര്‍ട്ടി നയങ്ങള്‍ക്ക് മാറ്റം വരണമെന്നാഗ്രഹിക്കുന്ന ആളായി ഇദ്ദേഹം കരുതപ്പെടുന്നു.
പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് പിണറായി. ഗൗരവമായി ഇടത് പക്ഷ രാഷ്ട്രീയത്തെ സമീപിക്കുകയും വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം കാര്‍ക്കശ്യത നിലനിര്‍ത്തുകയും ചെയ്യുന്ന പിണറായി കേരളത്തിന്റെ മുഖ്യ മന്ത്രി പദം കൊണ്ട് കേരളത്തില്‍ വരുത്തുവാന്‍ പോകുന്ന മാറ്റങ്ങളെ എല്ലാവരും ഉറ്റു നോക്കുന്നു. അനാവശ്യ ശുപാര്‍ശകള്‍ക്കും വിധേയത്വത്തിനും അതീതമായൊരു ഭരണ പാടവും പിണറായില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നതും പിണറായി വിജയന് എന്ന കമ്മ്യുണിസ്റ്റ് നേതാവ് നാളിതു വരെ സൃഷ്ടിച്ചെടുത്ത വ്യക്തി പ്രഭാവം കൊണ്ടാണ്.
*നീണ്ട 17 വര്‍ഷം. ഒരു പക്ഷെ ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ട കാലയളവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങളിലേക്ക് കടക്കും മുമ്പേ നമ്മുക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് താങ്കള്‍ ആകര്ഷിക്കപ്പെടുവാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാം.
കമ്മ്യൂണിസത്തിലേക്ക് എന്നെ നയിച്ച ഒരു പ്രത്യേക വ്യക്തിയുടെ പേരു പറയാനാകില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ യോഗം നടന്ന പിണറായിലെ പാറപ്പുറം ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. പോലീസിന്റെ കിരാത മുറകളും അതിജീവിച്ച് കമ്യൂണിസത്തെ സ്നേഹിച്ച പലരും ആ ഗ്രാമത്തിലുണ്ടായിരുന്നു. ഇവരുടെയൊക്കെ കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. 1948 ല്‍ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിരോധിതമായിരുന്ന സമയമായിരുന്നു അത്. സഖാക്കന്മാരില് പലരുടേയും ജീവിതം അന്ന് ഒളിവിലായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവികളെയും, പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദനമുറകളിലൂടെ നിശബ്ദമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മ പറഞ്ഞു തന്ന കഥകള്‍ മിക്കതും ഇവരുടെ ജീവിതങ്ങളെ കുറിച്ചായിരുന്നു. ഞാന്‍ അനുഭവിച്ച ബാല്യത്തില്‍ കമ്മ്യൂണിസവും അതിന്റെ ഹീറോയിസവും കടന്നു വരുന്നതും അങ്ങനെയാവാം.
ഒരു സംഭവം പറയാം.. കൈക്കുഞ്ഞായിരുന്ന എന്നെ എടുത്തു വീട്ടുമുറ്റത്തെ കിണറിനരികില്‍ നില്‍ക്കുകയായിരുന്നു അമ്മ. കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ചായിരുന്നു അമ്മയുടെ സംസാരമത്രയും. പെട്ടെന്നായിരുന്നു കുറച്ചു പോലീസുകാരും ഗുണ്ടകളും എന്റെ വീടാക്രമിച്ചത്. വീട്ടു സാധനങ്ങള്‍ അവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എന്റെ മൂത്ത സഹോദരനെ അവര്‍ കസ്റ്റഡിയില്‍ എടുത്തു , ക്രൂരമായി മര്‍ദ്ദിച്ചു. ബാലനായിരുന്ന എന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റുകാരും അവര്‍ അനുഭവിക്കുന്ന പീഡനകളും ധീരതയുടെ പര്യായമായി മാറി. സ്ക്കൂള് തലം മുതല്‍ തന്നെ ഒരു കമ്മ്യൂണിസ്റ്റായി മാറുവാന്‍ ഇക്കാരണങ്ങളായിരിക്കും പ്രേരകമായത് എന്ന് ഞാന്‍ കരുതുന്നു.
* അപ്പോള്‍ ,സ്ക്കൂള് തലം മുതല്‍ താങ്കള്‍ കമ്മ്യൂണിസ്റ്റാണ്. പല കാരണങ്ങളും അതിനു പിന്നിലുണ്ടായിരിക്കണം. എന്നാല്‍, അന്ന് മുതല്‍ തന്നെ നിരീശ്വരവാദിയുമായിരുന്നോ?
ഒരിക്കലുമല്ല. സാധാരണക്കാരന്റെ ഒരു ബാല്യമാണ് എനിക്കും ഉണ്ടായിരുന്നത്. പക്ഷെ ഞാന്‍ മുമ്പ് പറഞ്ഞിരുന്നത് പോലെ കമ്മ്യൂണിസ്റ്റ് ചിന്തകളുടെ വിത്ത് പാകിയ ഒരു ബാല്യകാലമായിരുന്നു അതെന്നു മാത്രം. ഭൂത പിശാചുക്കളുടെ കഥകള്‍ എന്നെയും ഭയപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കിരുന്നാല്‍ ഭൂതം പിടിച്ചു കൊണ്ടു പോകുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അത് വിശ്വസിച്ചു ഞാനും അടുക്കളയില്‍ അടങ്ങിയിരുന്നു. ഭൂതങ്ങളും പിശാചുക്കളും ഭയപ്പെടുത്തിയ ഒരു ബാലന് മറ്റെന്തു ചെയ്യുവാന്‍ കഴിയും?
തെയ്യത്തിനും, കാവിലെ ഉത്സവങ്ങള്‍ക്കും ഞാന്‍ പങ്കെടുത്തു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍,കൗമാരത്തിലാണ് ഞാന്‍ ഈശ്വരവിശ്വാസിയല്ലാതെയായത് എന്നു തോന്നുന്നു.
*കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുവാന്‍ താങ്കള്‍ക്ക് പ്രചോദമായത് ആരാണ്? പാര്‍ട്ടിയില്‍ താങ്കള്‍ മാതൃകയായി കരുതിയ ഏതെങ്കിലും വ്യക്തിത്വങ്ങളുണ്ടോ? കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട പ്രധാന പ്രതിസന്ധികള്‍ എന്തെല്ലാമാണ് ?
ബാല്യം മുതല്‍ ഞാന്‍ കേട്ട പേരാണ് സഖാവ് പി.കൃഷ്ണപിള്ള. ഇതിഹാസങ്ങളായ ഇ.എം.എസ്, എ.കെ.ജി, നായനാര്‍ എന്നിവരെ കൂടാതെ പ്രഗല്ഭരായ പലരും ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്തും ഉണ്ടായിരുന്നു. പട്ടയം ഗോപാലന് അവരിലൊരാളാണ്. ആര്.എസ്.എസ് ,കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഞങ്ങളോടുള്ള എതിര്‍പ്പ് രൂക്ഷമായിരുന്നു എന്നും ഓര്‍ക്കണം. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ആര്.എസ്.എസ് ലക്ഷ്യം വച്ച മത വിദ്വേഷം ലക്ഷ്യം വച്ച് ഗുഢതന്ത്രങ്ങള്‍ മെനഞ്ഞു. തലശ്ശേരിയിലെ മുസ്ലീം സമുദായത്തിന് നേരെ നടത്തിയ വര്‍ഗീയ ലഹള അവരുടെ കുടിലതയുടെ ഉദാഹരണമാണ്. വളരെ പ്രയാസപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ക്ക് പിടിച്ചു നില്ക്കുവാന് സാധിച്ചത്.
* ഈ അനുഭവങ്ങളാണോ താങ്കളെ പരുക്കനായക്കിയത്? അതോ, സിപിഐഎം പോലെയുള്ള പാര്‍ട്ടിയെ നയിക്കുവാന്‍ ഗൗരവമേറിയ ഇമേജ് സൃഷ്ടിച്ചതാണോ? ഇനി, അധികാര രാഷ്ട്രീയത്തിലെ തലപ്പത്ത് എത്തുമ്പോള്‍ ഈ ശൈലിയില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതുണ്ടോ?
(ചിരിക്കുന്നു) ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യ ശൈലികളല്ലെ. പരുക്കനാവുകയെന്നു പറഞ്ഞാല്‍ ചിരിക്കരുതെന്ന് അര്‍ത്ഥമുണ്ടോ? ഇല്ല, ഞാനും ചിരിക്കാറുണ്ട്.. സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മാത്രം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ മാത്രം ശൈലി മാറ്റുന്നതിനോട് യോജിപ്പില്ല.
മുന്‍പ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഹ്രസ്വകാലം മന്ത്രിയായിരുന്നപ്പോഴും എതിരാളികളുടെ പോലും സമ്മതി നേടിയെടുക്കുന്ന തരത്തിലുള്ള നേതൃത്വം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 1996-ല്‍ എല്‍ .എ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലായിരുന്നു സംസ്ഥാനം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും അനുപാതികമായി വൈദ്യുതിയുടെ ലഭ്യത വര്ദ്ധിച്ചിരുന്നുമില്ല. വൈദ്യുതി ഉത്പാദനം ഉയര്‍ത്തുക എന്ന ഉത്തരവാദിത്തം വൈദ്യുതി മന്ത്രി എന്ന നിലയില്‍ എന്റെ ചുമതലയായി. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുകയും അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു.
*17 വര്‍ഷം നീണ്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിനൊടുവില് സിപിഐഎം എങ്ങനെ ശക്തപ്പെടുത്തുവാന് കഴിഞ്ഞു എന്ന് കരുതുന്നു?
എ.കെ.ജി, ഇ.എം.എസ്, സി.എച്ച് കണാരന് എന്നിവരുടെ മൂല്യാധിഷ്ഠിത നേതൃത്വത്തില്‍ വളര്‍ന്നുവന്ന പാര്‍ട്ടിയാണ് സിപിഐഎം. സ: പി.കൃഷ്ണപിള്ള പാര്‍ട്ടിക്ക് നല്കിയ അടിത്തറ എങ്ങനെ വിസ്മരിക്കുവാന്‍ കഴിയും?
ഇക്കാലമത്രയും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സമകാലീന പ്രശ്നങ്ങളില്‍ ഇടപെട്ടു അവ പരിഹരിച്ചു കാണുന്നതില്‍ പാര്‍ട്ടി ജനകീയമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതിന് ഞങ്ങള്‍ക്ക് ‘അധികാരം’ ഒരു മാനദണ്ഡമായിരുന്നില്ല. ജനങ്ങളില്‍ നിന്നും ജനകീയ വിഷയങ്ങളില്‍ നിന്നും അകന്നു മാറിയുള്ള പ്രവര്‍ത്തനമല്ല ഞങ്ങളുടേത്.
അധികാരത്തിലിരുന്നവര്‍ ഉപദ്രവിക്കുവാന്‍ ശ്രമിച്ചപ്പോഴും ഞങ്ങള്‍ പിന്മാറിയില്ല. കരുത്തുറ്റ നേതൃത്വം എന്നും സിപിഐഎമ്മിനുണ്ടായിരുന്നു. ഞങ്ങളുടെ വിജയം വ്യക്തിഗതമെന്ന് വിലയിരുത്താന്‍ കഴിയില്ല. വിഭിന്നമായ അഭിപ്രായങ്ങളില്‍ പോലും കൂടിയാലോചിച്ചു, ഏക തീരുമാനം കൈക്കൊള്ളുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
* സിപിഐഎമ്മിലെ വിഭാഗീയത പരസ്യമായ രഹസ്യമാണ്. ചില സമയങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര ഇടപെടലുകളും വേണ്ടി വന്നിട്ടുണ്ട്. ഇതിനെ എങ്ങനെ നോക്കി കാണുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് എന്താണ് കാരണം?
കേരളത്തിലെ പോലെ ഇന്ത്യയില്‍ മറ്റൊരിടത്തും പാര്‍ട്ടിക്കുള്ളില്‍ ഇതു പോലെ വിഭാഗീയതയില്ലായെന്ന് തോന്നുന്നു. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന വിഭാഗീയതയെ ഒരു പരിധി വരെ തടുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ഞങ്ങള്‍ക്ക് ലഭ്യമായിരുന്നു.
പാര്‍ട്ടിയെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ സിപിഐഎം വിഭാഗീയതയെ കുറിച്ച് സംസാരിക്കുവാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അത് ഇന്നും തുടരുന്നു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഭാഗീയതയെ സംബന്ധിച്ചു അടിസ്ഥാനപരമായ വാര്‍ത്തകളിലാണ് ഇവര്‍ക്കു താല്പര്യം. എന്നാല്‍, പാര്‍ട്ടിയ്ക്ക് ക്ഷീണം വരുത്തുവാനുള്ള ഇവരുടെ ശ്രമത്തിന്റെ സത്യസന്ധത നഷ്ടപ്പെട്ടിരിക്കുന്നു.
വിഭാഗീയത രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും, ഞങ്ങള്‍ ആഭ്യന്തര പ്രതിസന്ധികളെ അതിജീവിച്ചിരുന്നു. കാരണം, സിപിഐഎം ഇല്ലാതാക്കമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം നിലകൊണ്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് യോജിച്ചു നിന്നാണ് തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്ര സെക്രട്ടറിയേറ്റ് നേതൃത്വവും വിഭാഗീയതയ്ക്കെതിരെ ജാഗ്രത പാലിച്ചു.
*സ: വി.എസ് അച്ചുതാനന്ദന്റെ ജനകീയ പരിവേഷം മൂലം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി പലപ്പോഴും അജ്ഞത നടിച്ചിട്ടില്ലെ?
സിപിഐഎം കാര്യങ്ങളെ നിസാരവല്‍ക്കരിക്കുന്ന പാര്‍ട്ടിയല്ല
* കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ വന്ന മാറ്റങ്ങള്‍ പ്രകടമാണ്. പരിപ്പുവടയും കട്ടന്‍ ചായയും സംസ്കാരത്തില്‍ നിന്നു പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി കോര്‍പ്പറേറ്റ് സംസ്കാരത്തെ സ്വീകരിക്കുന്നു എന്നവര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ കോര്‍പറേറ്റ് മനോഭാവത്തിലേക്ക് പാര്‍ട്ടി നയം മാറ്റുന്നു എന്ന ആക്ഷേപത്തെ എങ്ങനെ നേരിടുന്നു. വന്‍കിട മുതലാളിമാരെയും വ്യവസായികളെയും ചേര്‍ത്ത് സിപിഐഎമ്മിന്റെ ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നതും, സോഷ്യല്‍ മീഡിയകളെ അധികമായി ആശ്രയിക്കുന്നതും ഒക്കെ കോര്‍പ്പറേറ്റ് ചിന്താഗതിയുടെ ഭാഗമാണോ?
കാലത്തിനൊപ്പം പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലെ ? ഇതാക്കെ ഒരു പക്ഷെ ചില പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കാം. എന്നാല്‍ അടിസ്ഥാനപരമായ തത്വശാസ്ത്രത്തില്‍ നിന്നും ഞങ്ങള്‍ വ്യതിചലിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കൊപ്പം എന്നും ഞങ്ങളുണ്ടാവും.
നിങ്ങള്‍ പറഞ്ഞത് പോലെ, പാര്‍ട്ടിയുടെ മാത്രം ടി.വി ചാനലല്ല കൈരളി. സംരഭകരായ ചില യുവാക്കള്‍ ടിവി ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെടു ഞങ്ങളെ സമീപിച്ചപ്പോള്‍ അനുകൂല നിലപാടുകളാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നു മാത്രം. വ്യത്യസ്ത അഭിപ്രായമുള്ള അംഗങ്ങള്‍ പോലും ചാനലില്‍ പങ്കാളിത്തം എടുക്കുന്നതിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആശയ വിനിമയ വിപ്ലവത്തിനെതിരെ മുഖം തിരിച്ചിട്ടു കാര്യമില്ല. പൊതുവേ ആരോപിക്കപ്പെടുന്നതു പോലെ സിപിഐഎം ഒരു പാര്‍ട്ടി ചാനലല്ല ‘കൈരളി’. മാര്‍ക്സിസ്റ്റ് ചിന്താഗതികള്‍ പങ്കു വയ്ക്കപ്പെടുന്ന ഒരു ചാനല്‍ മാത്രമാണത്.
ദേശാഭിമാനി പത്രമാരംഭിക്കുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നാണ് ഞങ്ങള്‍ മൂലധനം ശേഖരിച്ചത്. അതിനായി എ.കെ.ജി യെ പോലെയുള്ള പ്രമുഖര്‍ ശ്രീലങ്ക സന്ദര്‍ശിച്ചു ധനസമാഹരണം നടത്തിയിട്ടുണ്ട്.
* താങ്കള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് പല ഘടകകക്ഷികളും എല്‍.ഡി.എഫ് മുന്നണി വിട്ടു. താങ്കളുടെ വീട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് ഇതിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഒരു ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം പോലും അങ്ങനെ പറയുകയുണ്ടായി..
എല്‍.ഡി.എഫ് മുന്നണി വിട്ട ഒരു പാര്‍ട്ടിയോടും ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണി സംവിധാനത്തില്‍ നിന്നും മാറിയതെന്തിനായിരുന്നു എന്ന് ഇന്നും അജ്ഞാതമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് സംബന്ധിച്ച സമവായത്തിലെത്താത്തതിനാല്‍ ജനതാദള്‍ മുന്നണി വിട്ടു. കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ച ഫോര്‍മുല പോലും അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായില്ല. ആര്.എസ്.പിയോടും ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. കൊല്ലം സീറ്റിലുള്ള അവകാശവാദമായിരുന്നു അവരുടെ പിണക്കത്തിനു കാരണം. കഴിഞ്ഞ 10 വര്‍ഷമായി സിപിഐഎം മത്സരിക്കുന്ന മണ്ഡലമാണ് അത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അവരും മുന്നണി വിട്ടു.
*ഇനി അവര്‍ ആഗ്രഹിച്ചാല്‍ ഇടതു മുന്നണിയിലേക്ക് ഒരു തിരിച്ചു വരവുണ്ടാകുമോ?
അവര്‍ അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം യു.ഡി.എഫ് മുന്നണി ഉപേക്ഷിക്കട്ടെ. യു.ഡി.എഫിന്റെ ഭാഗമാകുവാന്‍ അവര്‍ എടുത്ത തീരുമാനം തെറ്റായിരുന്നു എന്നു പരസ്യമായി അംഗീകരിക്കുകയും വേണം.
* കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെമ്പാടും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും അവര്‍ കേരളത്തില്‍ 20-ല്‍ 12 സീറ്റും നേടി. പ്രതിപക്ഷമായ എല്‍.ഡി.എഫിന്റെ പരാജയമാണിതെന്ന് സമ്മതിക്കുവാന്‍ കഴിയുമോ?
അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാണെന്ന് പറയുവാന്‍ കഴിയില്ല. യു.ഡി.എഫ് മുന്നണിയില്‍ മാണി കോണ്‍ഗ്രസും, മുസ്ലീം ലീഗും പോലെയുള്ള പ്രബലരായ ന്യൂനപക്ഷമത മുന്നണികളും ഉണ്ട്. അതു കൊണ്ടു തന്നെ ന്യൂനപക്ഷക്കാര്ക്കിടയില് അവരുടെ സ്വാധീനവും ഈ വിജയത്തിന്റെ പിന്‍ബലമായി മാറി. കൂടാതെ, മിക്ക തിരഞ്ഞെടുപ്പുകളിലും ഈ വിഭാഗം യു.ഡി.എഫിനൊപ്പം നില്ക്കുന്നു. അവരുടെ ആഭ്യന്തര തര്‍ക്കങ്ങളാണ് പലപ്പോഴും എല്‍.ഡി.എഫിന്ന് ഗുണകരമായി മാറിയിട്ടുള്ളത്.
ന്യൂനപക്ഷ വിഭാഗവും ചില ഹൈന്ദവ സംഘടനകളും യു.ഡി.എഫിന് നല്കുന്ന പിന്തുണയാണ് അവരുടെ വിജയം. 1977-ല്‍ രാജ്യത്തെമ്പാടും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോഴും അവര്‍ പിടിച്ചു നിന്നത് കേരളത്തിലാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അതു തന്നെ സംഭവിച്ചു എന്ന് മാത്രം.
* ജാതി സംവിധാനത്തെ തകര്‍ക്കുവാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല എന്നുമൊരു അര്‍ത്ഥം അതിനില്ലെ?
കേരളക്കരയില്‍ ജാതി വ്യവസ്ഥികള്‍ ശക്തി പ്രാപിച്ചു വരുന്നു എന്നുള്ളത് സത്യമാണ്. മധ്യ വര്ഗക്കാര്ക്കിടയിലാണ് ഈ പ്രവണത അധികമായി കണ്ടുവരുന്നത്. ജാതി ചോദിക്കുവാനും പറയുവാനും അവര്‍ക്ക് മടിയില്ല. ചില ജാതി സംഘടനകള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തു വരാന്‍ പോലും അവര്‍ മടിക്കുന്നുമില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല.
ജാതി ചോദിക്കരുത്, പറയരുത് എന്നു പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാര് എന്നവകാശപ്പെടുന്നവരാണ് ജാതി വ്യവസ്ഥിതിയെ പുനരുദ്ധരിപ്പിക്കുവാന് ശ്രമിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്? സിപിഐഎം ഇതിനെ ഗൗരവമായിട്ടാണ് കാണുന്നത്.
* ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്താണെന്ന് അറിയാത്ത ഒരു വിമുഖത ഇപ്പോഴും ഉണ്ട് എന്ന് തോന്നിയിട്ടില്ലേ?
കമ്മ്യൂണിസം ക്രിസ്ത്യാനിത്വത്തിന് എതിരാണെന്ന് ആഗോളതലത്തില്‍ തന്നെ പരക്കെ ഒരു ധാരണയുണ്ട്. ഇതിന് കാരണം ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ മനോഭാവമാണെന്ന് ഞാന്‍ കരുതുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ പല ക്രൈസ്തവ വിഭാഗങ്ങളോടും സിപിഐഎം നല്ല ബന്ധം പുലര്‍ത്തുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഗോളതലത്തില്‍ ക്രിസ്ത്യന്‍ സഭകള്ക്കുണ്ടായിരുന്ന അകല്‍ച്ചയ്ക്ക് സമീപകാലത്ത് മാറ്റം വന്നിട്ടുണ്ട്. മാര്‍പാപ്പയും അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. അശരണര്‍ക്കും അധിഷ്ഠിതര്ക്കും വേണ്ടി കമ്മ്യൂണിസവുമായി സഭകള്‍ കൈകോര്‍ക്കണമെന്നാണ് പോപ്പ് അഭിപ്രായപ്പെട്ടത്. കേരളത്തിലെ സഭകള്‍ക്കും കമ്മ്യൂണിസത്തോടുള്ള അകല്‍ച്ച വൈകാതെ മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
* മത നേതാക്കന്മാര്ക്കെതിരെ രൂക്ഷ വമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ ധൈര്യപ്പെട്ട നേതാവാണ് താങ്കള്‍. ഇതു കാരണം താങ്കള്‍ക്കെതിരെ കഠിനമായ വിമര്‍ശനങ്ങളും എതിര്‍പ്പും ഉണ്ടായിട്ടുമുണ്ട്. ഇത് മന:പൂര്‍വ്വമാണോ? ഈ ശൈലിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ?
എന്തിന്? എനിക്കങ്ങനെ തോന്നുന്നില്ല. ഞാന്‍ ചെയ്തതു ശരിയാണെന്ന നിലപാടില്‍ തന്നെയാണ് ഞാന്‍. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവര്‍ക്കെതിരെ പ്രതികരിക്കണം. ചില വാക്കുകള്‍ ഉപയോഗിക്കുന്നത് സാന്ദര്‍ഭികമായിട്ടാണ്, മന: പൂര്‍വ്വമല്ല. എന്റെ ശൈലി മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ചെയ്തതു ശരിയാണെങ്കില്‍, തിരുത്തുന്നത് എന്തിനാണ്?
*കമ്മ്യൂണിസത്തിന് പഴയ പോലെ യുവ ജനതയെ ആകര്‍ഷിക്കുവാന്‍ കഴിയുന്നില്ല എന്ന ആരോപണത്തെ എങ്ങനെ നോക്കി കാണുന്നു? ഇത് അംഗീകരിക്കുന്നുണ്ടോ? കമ്മ്യൂണിസത്തില്‍ നിന്നു യുവത്വം അകലുന്നുണ്ടോ?
സമ്മതിക്കുന്നു. പാര്‍ട്ടി നടത്തിയ ആത്മപരിശോധനയില്‍ ഇക്കാര്യം ഞങ്ങള്‍ ഗൗരവമായി പരിശോധിച്ചിരുന്നു. അതിനര്‍ത്ഥം യുവജനങ്ങള്‍ പാര്‍ട്ടിയിലേക്ക് കടന്നു വരുന്നില്ലെന്നല്ല. മാറിയ കാലത്തിനു അനുപാതികമായ യുവജന മുന്നേറ്റം പാര്‍ട്ടി അംഗത്വത്തിലുണ്ടായില്ല. സംസ്ഥാന കമ്മിറ്റി വരും ദിവസങ്ങളില്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. യുവജന പ്രശ്നങ്ങള്‍ സിപിഐഎം കൂടുതലായി ഏറ്റെടുക്കും.
*കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ പോലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ സോളാര്‍ അഴിമതിയും ശക്തമായി തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഇടതു മുന്നണി നടത്തിയ എല്ലാ സമരങ്ങളും അമ്പേ പരാജയപ്പെട്ടില്ലെ? ഇത് അണികളുടെ മനോവീര്യത്തെ ബാധിച്ചിട്ടില്ലെ?
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു എല്‍.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് സമരം ബഹുജന പ്രക്ഷോഭത്തിന്റെ ഉത്തമ ഉദാഹരണമാണ്. പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും വ്യത്യസ്തമായ ആ സമരത്തെ തുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ സോളാര്‍ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി തയ്യാറായതും അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധത്തിനു ശേഷമാണ്. പിന്നെ എങ്ങനെയാണ് എല്‍ .എ ഡി.എഫ് സമരങ്ങള്‍ പരാജയമാണെന്ന് വിലയിരുത്തുന്നത്.
*രാഷ്ട്രീയ ജീവിതത്തില്‍ പല കോണ്‍ഗ്രസ് നേതാക്കന്മാരോടും താങ്കള്‍ക്ക് സഹകരിക്കേണ്ടതായി വന്നിട്ടുണ്ടാകാം. ഉമ്മന്‍ ചാണ്ടിയെയും എ.കെ.ആന്റണിയെയും എങ്ങനെ താരത്മ്യം ചെയ്യുന്നു?
ഉമ്മന്‍ ചാണ്ടിക്ക് യാതോരു ധാര്‍മ്മികതയുമില്ലെന്ന് ഞാന്‍ പറയും. ഏതു വൃത്തിക്കെട്ട രാഷ്ട്രീയവും വഴങ്ങുന്ന അഴിമതിക്കാരനാണ് ചാണ്ടി. സരിത എസ്.നായരെ ഉപയോഗിച്ചു ഉമ്മന്‍ ചാണ്ടി കളിച്ച നാണം കെട്ട രാഷ്ട്രീയം മാത്രം മതി അതിനു തെളിവ്. ഏ.കെ.ആന്റണിയെ ഒരു അഴിമതി രഹിത നേതാവായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്.
*ചൈനീസ് മുതലാളിത്ത-ആധിപത്യ വ്യവസ്ഥിയെ കുറിച്ച് ?
അതങ്ങനെയല്ല, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനാണ് നിലകൊള്ളുന്നത്. ജനങ്ങളുടെ അടിസ്ഥാന വികസനത്തിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ എന്നെ അവര്‍ ഒരു ഗ്രാമത്തിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ ഇപ്പോള്‍ ജീവിക്കുന്ന അവര്‍ എന്നെ അവരുടെ പഴയ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാലിത്തൊഴുത്തുകള്‍ പോലെ തോന്നിച്ചിരുന്ന പഴയ വീടുകളില്‍ നിന്നും എല്ലാ സൗകര്യങ്ങുമുള്ള പുതിയ വീടുകളില്‍ അവര്‍ വളരെ സന്തോഷമുള്ളവരായിരുന്നു. പുതിയ വീടുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിരുന്നു. ചൈനീസ് സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
*ക്യൂബയിലെ കമ്മ്യൂണിസമോ?
ക്യൂബന്‍ കമ്മ്യൂണിസം താരതമ്യേന മെച്ചപ്പെട്ട സാഹചര്യത്തിലാണിപ്പോള്‍. അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവവും തൊഴിലയിലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്ക നടപ്പിലാക്കിയ കപ്പല്‍ ഗതാഗത നിയന്ത്രണമാണ് ഈ സാഹചര്യത്തിനാധാരം. ചെയ്തതു മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞ അമേരിക്ക ഇക്കാര്യത്തില്‍ ഒരു നയമാറ്റത്തിനുള്ള ശ്രമത്തിലാണ്. ഇത് ക്യൂബന്‍ സര്‍ക്കാറിന്റെ വിജയമാണ്. അമേരിക്കന്‍ നയത്തെ എതിര്‍ക്കുവാന്‍ ചങ്കൂറ്റം കാണിച്ചവരുടെ വിജയം!
*അവസാനമായി ഒരു ചോദ്യം കൂടി. വ്യക്തിപരമാണ്. 50 വര്‍ഷത്തിലധികം ആത്മബന്ധമുള്ള ഒരു വ്യക്തി താങ്കളുടെ പ്രതിയോഗിയായെന്ന് കരുതുക. സ്വാഭാവികമായും അയാള്‍ താങ്കളെ വ്യക്തിപരമായും രാഷ്ട്രീയപരമായും എതിര്‍ത്തെന്നു വരാം. കള്ളനെന്നോ കൊലപാതകിയെന്നോ വിളിച്ചെന്നും വരാം. ഇക്കാര്യത്തില്‍ അയാളോടുള്ള താങ്കളുടെ പ്രതികരണം എങ്ങനെയായിരിക്കും?
താങ്കള്‍ ചോദ്യത്തില്‍ വ്യക്തിപരമെന്നു ജാമ്യമെടുത്തു എങ്കിലും, എന്റെ പ്രതികരണം രാഷ്ട്രീയത്തില്‍ എണ്ണപ്പെടുന്നതായിരിക്കും.
ഒരിക്കല്‍ ഞാന്‍ അതില്‍ തുറന്ന ഒരു പ്രതികരണം നടത്തും. പക്ഷെ, അത് ഇപ്പോഴല്ല.. അതിനുള്ള സമയവും ഇപ്പോഴല്ല.
എനിക്ക് രാഷ്ട്രീയത്തില്‍ ഉത്തരവാദിത്തങ്ങളുണ്ട്. എന്റെ ജീവിതം കമ്മ്യൂണിസമാണ്.
കടപ്പാട്:മാത്യുസാമുവല്‍/തെഹല്‍ക്ക