ക്രൈം ഡെസ്‌ക്
പനജി: ഗോവയിലെ പ്രശസ്ത സുഗന്ധദ്രവ്യ വ്യാപാരി മോണിക്ക ഗുർദെയെ ഇവർ താമസിക്കുന്ന മുറിയ്ക്കുള്ളിൽ പൂർണനഗ്നയാക്കി കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊലപാതകത്തിനു പിന്നിൽ രണ്ടു പേരാണെന്ന് പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതികളെപ്പറ്റി സൂചനകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. പുർവോറിമിലെ ഒരു എടിഎമ്മിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മോണിക്കയുടെ എടിഎം ഉപയോഗിച്ച പണം പിൻവലിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തുനിന്നു മൂന്നു കിലോമീറ്റർ അകലെയാണ് ഈ എടിഎം. ഇതേ എടിഎം കാർഡ് ഉപയോഗിച്ച് ബംഗളുരുവിൽനിന്നു പണം പിൻവലിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് അന്വേഷണം കർണാടകയിലേക്കു കൂടി വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസമാണ് സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക്ക ഗുർദെയെ സാൻഗോൾഡയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പൂർണ നഗ്‌നയായി കട്ടിലിനോട് ചേർത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്. എന്നാൽ മൂന്നുമുറികളുള്ള അപ്പാർട്ട്‌മെന്റിൽനിന്നു വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവൽക്കാരൻ പോലീസിനു മൊഴി നൽകി.
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാൻഗോൾഡയിൽ താമസം തുടങ്ങിയത്. പെർഫ്യൂം ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.