ബീജിംഗ്: നഗ്ന സെല്‍ഫി നല്‍കിയാല്‍ പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളുണ്ടോ… എന്നാല്‍ ചൈനയില്‍ അങ്ങിനെയുള്ള ബാങ്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത അതല്ല !
നഗ്ന ഫോട്ടോകള്‍ ഈട് വാങ്ങി പണം കടം നല്‍കുന്ന ഇത്തരത്തിലുള്ള നിരവധി ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഒരു സൈറ്റില്‍ നിന്നും ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഇക്കാര്യം പുറത്തായത്. ഏതാണ്ട് 160 യുവതികളുടെ സ്വകാര്യ നിമിഷങ്ങളടങ്ങിയ 10 ജിബിയോളം വരുന്ന വിവരങ്ങളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.
2015 ലാണ് ജെ.ഡി ക്യാപിറ്റല്‍ എന്ന സ്ഥാപനം ഇത്തരത്തില്‍ ഒരു സൗകര്യം കൊണ്ടു വന്നത്. നഗ്ന ഫോട്ടോകള്‍ ഈട് വാങ്ങി പണം വായ്പ നല്‍കുന്നതിന് 30 ശതമാനത്തോളമാണ് പലിശ ഈടാക്കിയിരുന്നത്. നിശ്ചിത പരിധിക്കുള്ളില്‍ പണം തിരിച്ചടക്കാതെ വന്നാല്‍ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നായിരുന്നു വ്യവസ്ഥ. ലോണ്‍ അനുവദിക്കുന്ന സമയത്ത് തന്നെ ഇത്തരത്തില്‍ വേണ്ട വിവരങ്ങളെല്ലാം ഈ സ്ഥാപനം ചോദിച്ചു വാങ്ങിയിരുന്നു. എന്നാല്‍ പണം തിരിച്ചടക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടും ചില ഉപഭോക്താക്കളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നതില്‍ ചൈനീസ് അന്വേഷണ ഏജന്‍സികള്‍ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനാവശ്യമായ നിയമം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.