സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച കുടുംബത്തിനു ലഭിച്ചത് ചെള്ള് നിറഞ്ഞ ന്യൂഡിൽസ്. നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ആനന്ദഭവൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുടുംബത്തിനാണ് ഇന്നലെ ഉച്ചയ്ക്കു ചെള്ള് നിറഞ്ഞ ന്യൂഡിൽസ് ലഭിച്ചത്. ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞെങ്കിലും ഹോ്ട്ടൽ ജീവനക്കാർ പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ കുടുംബം നഗരസഭ ഓഫിസിലെത്തി രേഖാമൂലം ഭക്ഷണത്തിനെതിരെ പരാതി നൽകുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. തിരുവാതുക്കൽ സ്വദേശികളായ കുടുംബം നഗരത്തിൽ എത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതിനാണ് തിരുനക്കരയിലെ ആര്യഭവൻ ഹോട്ടലിൽ കയറിയത്. ഈ ഹോട്ടലിൽ കയറി വെജിറ്റേറിയൻ ന്യൂഡിൽസും ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്ലേറ്റിന്റെ അടിയിൽ നിന്നും എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെ്്്്ട്ടത്. തുടർന്നു പ്ലേറ്റ് മാറ്റി നോക്കിയപ്പോഴാണ് ചെള്ളിന്റെ അനക്കം ശ്രദ്ധയിൽപ്പെട്ടത്. പാത്രത്തിൽ ചെള്ളിനെ കണ്ടതായി ഹോട്ടൽ ജീവനക്കാരോടു പരാതി പറഞ്ഞെങ്കിലും ഇവർ തിരിഞ്ഞു നോക്കി പോലുമില്ലെന്നു പരാതിയിൽ പറയുന്നു. ഇതേ തുടർന്നു കുടുംബാംഗങ്ങൾ നഗരസഭ ഓഫിസിലെത്തി പരാതി പറയുകയായിരുന്നു.
നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ ചെള്ള് നിറഞ്ഞ ന്യൂഡിൽസ് ഹോട്ടലിലെ അടുക്കളയിൽ നിന്നും കണ്ടെത്തി. എന്നാൽ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ചെള്ളിനെ കണ്ടെത്തിയിട്ടും നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഹോട്ടലിനു നോട്ടീസ് നൽകി നിയമപരമായി നടപടി സ്വീകരിക്കുമെന്ന വാദമാണ് നഗരസഭ അധികൃതർ ഇപ്പോൾ ഉയർത്തുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നു പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം ഗാന്ധിനഗറിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു.
നഗരസഭയുടെ കുമാരനല്ലൂർ
സോണൽ ഓഫിസിന്റെ പരിധിയിലെ പത്തു ഹോട്ടലുകളിൽ പരിശോധന നടത്തിയ സംഘം
നാലിടത്തു നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗാന്ധിനഗർ മാതാ ഹോട്ടൽ,
മലബാർ, നിത്യാ, ഫ്‌ളോറൽ പാർക്ക് എന്നീ ഹോട്ടലുകളിൽ നിന്നാണ് നഗരസഭയുടെ
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
മെഡിക്കൽ കോളെജ് പരിസരത്തെ ഹോട്ടലുകളിൽ നിന്നു കഴിഞ്ഞ ദിവസം പുഴു
അടങ്ങിയ ഭക്ഷണം പിടികൂടിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം ഈ
പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. കുമാരനല്ലൂർ സോണിന്റെ
പരിധിയിൽ വരുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യ എണ്ണയാണ് ഇന്നലെ
പിടികൂടിയത്. എല്ലാ ഹോട്ടലുകളിലും ചീനിച്ചട്ടിയിലും, പാത്രങ്ങളിലുമായി
പഴകിയ ഭക്ഷ്യ എണ്ണ സൂക്ഷിച്ചു വച്ചിരുന്നതു കണ്ടെത്തിയിട്ടുണ്ട്. പഴയി
ബീഫ് കറിയും, ചിക്കൻ കറിയും ഫ്രൈകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഇവയെല്ലാം ഇന്നലെ നഗരസഭ ഓഫിസിൽ പ്രദർശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെട്കടർ
ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംകുമാർ, ജീവൻ ലാൽ
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില ഹോട്ടലുകളിൽ നിന്നു അൻപതു
മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് പിടിച്ചെടുത്തു. ചില ഹോട്ടലുകളിലെ
വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തി. സ്റ്റോർ റൂമിൽ തന്നെ തൊഴിലാളികൾ
കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത
ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇവരിൽ നിന്നും പിഴ ഈടാക്കും.