
തിരുവനന്തപുരം: ഒടുവിൽ സർക്കാർ കണക്ക് എത്തി .ഓഖി ദുരന്തത്തിൽ കാണാതായവരുടെ പുതിയ കണക്ക് പുറത്തുവന്നു. 300 പേരെ കാണാതായെന്നാണ് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പുതിയ കണക്ക്. എഫ്ഐആറുകള്‍ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം – 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങള്‍.അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ച രണ്ട് മൽസ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കടലിൽനിന്ന് കണ്ടെടുത്തു. നേവിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫിഷറീസിന്റെ ബോട്ടിൽ ബേപ്പൂർ തുറമുഖത്തെത്തിച്ച മൃതദേഹങ്ങൾ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
എന്നാൽ മരണസംഖ്യ 70 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്നാട്ടിൽ 14 പേരാണ് മരിച്ചത്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും സർക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്കയാണ്. ലത്തീൻ അതിരൂപതയുടെ ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മൽസ്യത്തൊഴിലാളികളെയാണു കാണാതായത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 പേർ മറ്റു പല സ്ഥലങ്ങളിൽനിന്നും പോയവരാണ്.