
ക്രൈം ഡെസ്‌ക്
സിറിയ: കന്യാസ്ത്രീകളെയും വൈദികരെയും തട്ടിക്കൊണ്ടു പോയി മതം മാറ്റുക എന്ന ലക്ഷ്യത്തോടെ ഐഎസ് തീവ്രവാദികൾ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാക്കിലെയും സിറിയയിലെയും യുദ്ധ മേഖലകളിൽ പുനരധിവാസവും, വൈദ്യസഹായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെയും, വൈദികരെയും തട്ടിക്കൊണ്ടു വന്ന് മതം മാറ്റുന്നതിനാണ് ഐഎസ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള മിലട്ടറി ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
നിലവിൽ ഐഎസ് നടത്തുന്ന ആക്രമണങ്ങളിൽ ഏറെയും സൈനികരെ കേന്ദ്രീകരിച്ചാണ്. ഇതു വരെ ക്രൈസ്തവ വൈദികരെ തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. റെഡ്‌ക്രോസിന്റെയും യുഎന്നിന്റെ നിരവധി സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ യുദ്ധ മേഖലകളിൽ നിരവധി വൈദികരും കന്യാസ്ത്രീകളുമായി സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവരെ തട്ടിക്കൊണ്ടു പോകുന്നതിനും മതംമാറ്റുന്നതിനുമാണ് ഇപ്പോൾ ഐഎസ് പദ്ധതി തയ്യാറാക്കുന്നത്. ഇതിലൂടെ ക്രൈസ്തവ സമുദായത്തിൽ ഭയത്തിന്റെ വിത്തു പാകുകയാണ് ഇപ്പോൾ ഐഎസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
ഐഎസിന്റെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നു കന്യാസ്ത്രീകൾക്കും വൈദികർക്കും സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.