കന്യസ്ത്രീ മഠത്തില്‍ തെളിവെടുപ്പ്; മഠത്തിന് കനത്ത പോലീസ് കാവല്‍; പ്രതിഷേധിക്കാതിരിക്കാന്‍ കന്യാസ്ത്രീകളെ മാറ്റും

കോട്ടയം: പീഡനക്കേസില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിന് കൊണ്ട് പോകും. നാളെ കുറുവിലങ്ങാട് മഠത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായി കന്യാസ്ത്രീകളോട് മഠത്തില്‍ നിന്ന് താമസം മാറാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയും താമസിക്കുന്നത് ഇതേ മഠത്തിലാണ്. മഠത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തും

കേസില്‍ ബിഷപ്പിന്റെ ലൈംഗികശേഷി പരിശോധന നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പരിശോധന. ഉച്ചയ്ക്ക് 2.30ന് കസ്റ്റഡിയില്‍ വിട്ട ബിഷപ്പുമായി പൊലീസ് സംഘം നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കായിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തന്നെ അവിടെ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു. ജലന്ധറില്‍ നിന്ന് രക്ഷപ്പെട്ട് കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും അവിടെയെത്തി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് മഠത്തില്‍ ബിഷപ്പുമായെത്തി തെളിവെടുക്കുന്നത്.

ബിഷപ്പ് കേരളത്തിലെത്തിയാല്‍ താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത് കുറവിലങ്ങാട് മഠത്തോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസായിരുന്നു. ളോഹയുടെ കീറിയഭാഗം തുന്നാനായാണ് 2014ല്‍ കന്യാസ്ത്രീയെ ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കന്യാസ്ത്രീ മുറിയില്‍ കയറിയ ഉടനെ കതക് അടക്കുകയും ബലമായി പീഡനത്തിനിരയാക്കുകയുമായിരുന്നു എന്നാണ് അവരുടെ പരാതി. പിന്നീട് കേരളത്തില്‍ വരുമ്പോഴെല്ലാം പീഡനം തുടര്‍ന്നതായും രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ 13 തവണ പീഡിപ്പിച്ചു. കൂടാതെ പലതവണ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കി. പരാതിപ്പെടാതിരിക്കാന്‍ പുറത്തുനിന്നും മഠത്തിനുള്ളില്‍നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

ജലന്ധറില്‍ വച്ച് പീഡിപ്പിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളതിനാല്‍ അവിടെയും തെളിവെടുത്തേക്കും. എന്നാല്‍, രണ്ട് ദിവസം മാത്രമെ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ കേരളത്തിലെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടുതല്‍ ദിവസം ബിഷപ്പിനെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും. കന്യാസ്ത്രീ പീഡനത്തിനിരയായതായി തെളിഞ്ഞതിനാല്‍ പൊലീസിന് കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമായിട്ടുണ്ട്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇന്ന് മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തു. ബിഷപ്പിനായി പ്രഗത്ഭനായ അഭിഭാഷകനാവും ഹാജരാകുക എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായ ബി.രാമന്‍ പിള്ളയാണ് ഇന്ന് മജിസ്‌ട്രേട്ട് കോടതിയില്‍ ബിഷപ്പിനായി ഹാജരായത്.

Top