കന്യാമറിയം കന്യകയായിരുന്നില്ലെന്ന വിവാദ പ്രസ്താവന നടത്തിയ കന്യാസ്ത്രീക്കെതിരെ പ്രതിഷേധം.സ്പാനിഷ് ടിവി പരിപാടിക്കിടെയാണ് സിസ്റ്റര്‍ ലൂസിയ കാരം പ്രതിഷേധത്തിനിടയാക്കിയ പ്രസ്താവന നടത്തിയത്.
കന്യാസ്ത്രീയുടേത് അതിരുവിട്ട പ്രസ്താവനയാണെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. എന്നാല്‍, അതുകൊണ്ടും വിശ്വാസികള്‍ അടങ്ങാന്‍ തയ്യാറായിട്ടില്ല. കന്യാസ്ത്രീയെ വധിക്കുമെന്ന് ഭീഷണിപ്പപെടുത്തിയിരിക്കുകയാണ് തീവ്ര നിലപാടുള്ള വിശ്വാസികള്‍.
യേശുവിന്റെ അമ്മയാണ് കന്യാമറിയം. യൗസേപ്പുമായുള്ള വിവാഹനിശ്ചയത്തിനുശേഷം കന്യാമറിയം ദൈവഹിതത്താല്‍ ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍, സിസ്റ്റര്‍ ലൂസിയ ഇതെല്ലാം നിഷേധിക്കുന്നു. കന്യാമറിയം കന്യകയായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നാണ് അവരുടെ പക്ഷം. മറിയവും യൗസേപ്പും സാധാരണ ദമ്പതിമാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്നും അവര്‍ക്കിടയില്‍ ലൈംഗികജീവിതമുണ്ടായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു. സെക്സ് എന്നത് മനുഷ്യന് കിട്ടിയ അനുഗ്രഹമാണെന്നും എന്നാല്‍, സഭ അതിനെ എല്ലായ്പ്പോഴും പാപമായി കാണുന്നുവെന്നും അവര്‍ പറഞ്ഞു.
ചെസ്റ്റര്‍ ഇന്‍ ലവ് എന്ന പരിപാടിയിലാണ് കന്യാസ്ത്രീയുടെ ഈ വാക്കുകള്‍. അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ ലൂസിയ 26 വര്‍ഷമായി കാറ്റലന്‍ കോണ്‍വെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. ഇവര്‍ നടത്തുന്ന പാചക പരിപാടി ഏറെ പ്രശസ്തമാണ്. 1.8 ലക്ഷം പേര്‍ സിസ്റ്ററിനെ ട്വിറ്ററിലൂടെ ഫോളോ ചെയ്യുന്നു. കന്യാസ്ത്രീയുടെ വാക്കുകളെ കത്തോലിക്കാ സഭ ശക്തമായി അപലപിച്ചു. ടറഗോന പ്രവിശ്യയിലെ ബിഷപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, കന്യാമറിയത്തിന്റെ കന്യകാത്വത്തെക്കുറിച്ച് തര്‍ക്കിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുന്നു.
സഭയുടെ എതിര്‍പ്പും വധഭീഷണിയുമായതോടെ, മാപ്പപേക്ഷയുമായി കന്യാസ്ത്രീ രംഗതത്തെത്തി. തന്റെ വാക്കുകള്‍ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.