സ്വന്തം ലേഖകൻ
കൊച്ചി: പൊതുജനങ്ങൾക്കു സേവനം ചെയ്യേണ്ട മാധ്യമമായ ദീപിക സഭയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങി സമരം ചെയ്യുന്ന നഴ്‌സുമാരെ അപമാനിച്ചു. നഴ്‌സുമാരുടെ സമരത്തെ നഖശിഖാന്തം എതിർക്കുന്ന കത്തോലിക്കാ മാനേജ്മെന്റുകളുടെ ജിഹ്വയായാണ് ഇപ്പോൾ ദീപിക പത്രം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതോടെ ദീപിക ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സഭയുടെ മേലാളന്മാർ ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിൽ കറങ്ങുമ്പോഴും സഭയ്ക്ക് കീഴിൽ കോടികൾ വരുമാനമുള്ള വൻകിട മെഡിക്കൽ കോളേജുകളിലെ നഴുസമാർക്ക് നൽകുന്നത് തുച്ഛമായ പണമാണ്. യുഎൻഎയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നഴ്സുമാർ സമരത്തിനിറങ്ങിയപ്പോൾ ശക്തിയുക്തം എതിർക്കാൻ രംഗത്തെത്തിയത് കത്തോലിക്കാ സഭ തന്നെയായിരുന്നു. പള്ളികളിലൂടെ ഇടയലേഖനങ്ങൾ വരെ നഴ്സുമാർക്കെതിരെ നടത്തിയപ്പോൾ മറ്റെല്ലാവരും അതിന് ചൂട്ടുപിടിച്ചു. എന്നാൽ, പണിയെടുക്കുന്നവന് മാന്യമായി പണം നൽകാതെ എന്ത് ദൈവിക പ്രവൃത്തിയാണ് നിങ്ങൾ ചെയ്യുന്നതെന്ന ചോദ്യവുമായാണ് നഴ്സുമാർ തിരിച്ചടിച്ചത്.
ഇപ്പോൾ സംസ്ഥാന വ്യാപകമായി നഴ്സുമാർ സമര രംഗത്തേക്കിറങ്ങുമ്പോൾ അതിനെ പരിഹസിക്കുന്ന അനേകം പേർ ഇപ്പോഴുമുണ്ട്. സമരത്തെ നേരിടാൻ വേണ്ടി അവരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണ് കത്തോലിക്കാ സഭ. നഴ്സുമാരുടെ സമരത്തെ തകർക്കാൻ വേണ്ടി കത്തോലിക്കാ സഭ ദീപിക ദിനപത്രത്തിലൂടെയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് നഴ്സിങ് സമരത്തെ അവഹേളിക്കും വിധം വാർത്തകൾ ചമയ്ക്കുകയും ചെയ്തു. ഇത്തരം ശ്രമം ഉണ്ടായതോടെ സോഷ്യൽ മീഡിയയിൽ കത്തോലിക്കാ സഭയുടെ പത്രമായ ദീപികയ്ക്ക് നേരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.
മുത്തശ്ശി പത്രം പാലു കൊടുത്ത കൈക്കു തന്നെ കൊത്തി തുടങ്ങി, ചില വൈദികരുടെ തെറ്റുകൾ ന്യായീകരിക്കുന്നതിൽ മുന്നിലാണ് ഈ പത്രം, ചില വൈദികർ എന്ത് സ്വാർത്ഥ പ്രവൃത്തി ചെയ്താലും വിശ്വാസികൾ അതിന് കൂട്ടുനിൽക്കും എന്ന് പറഞ്ഞു കൊണ്ടു എന്നും പറഞ്ഞാണ് സോഷ്യൽ മീഡിയിയൽ വിമർശനം മുറുകുന്നത്. ഇന്ന് നഴ്സ്മാരുടെ ശമ്പള വർദ്ധനവ് എന്ന വിഷയത്തിൽ വിശ്വാസികളെ തിരിഞ്ഞ് കൊത്തിയിരിക്കുന്നു എന്ന് പറഞ്ഞ് അധിക്ഷേപം ചൊരിഞ്ഞ വേളയിലാണ് കടുത്ത വിമർശനവുമായി ദീപിക രംഗത്തെത്തിയത്. നഴ്സുമരുടെ സമരാഹ്വാന രോഗികളോടുള്ള വെല്ലുവിളിയെന്ന് പറഞ്ഞും ദീപിക വാർത്ത എഴുതി. ഇതോടെ നഴ്സുമാരുള്ള വീട്ടിൽ ദീപിക ബഹിഷ്ണക്കരിക്കണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാക്കുകയായിരുന്നു.
വിശ്വാസികളെ കരണ്ട് തിന്ന് ജീവിക്കുന്ന ഷുദ്രജീവികളാണ് ചില വൈദികരെന്ന് പറഞ്ഞ് കടുത്ത വിമർശനവും കത്തോലിക്കാ വൈദികർക്കെതിരെ ദീപിക ഉന്നയിക്കുന്നുണ്ട്. പണത്തിന്റെയും, ആഡംഭരത്തിന്റെയും പ്രതികമാണ് സഭയിപ്പോൾ, മാന്യമായ ശമ്പളം നഴ്സ്മാർക്ക് കൊടുക്കണം, എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നവൻ സ്വന്തം കുരിശുമെടുത്തു എന്നെ അനുഗമിക്കണമെന്ന ബൈബിൾ വചനം മനസ്സിൽ വച്ച് , വൈദികനായി കഴിഞ്ഞാൽ വിശ്വാസികളുടെ ചെലവിൽ ആഡംബരത്തിൽ ജീവിക്കുന്ന ചിലർ വിദ്യാഭ്യാസ ലോണെടുത്തവന്റെ കഷ്ടപാടുകളും, കുടുംബ ചിലവുകളും, മറ്റ് പ്രാരാബ്ധങ്ങളും അറിയണമെങ്കിൽ കുടുംബത്തിൽ കുടുംബ നാഥനായി ജീവിക്കണം.
സകലവിശ്വാസികളെയും പിഴിഞ്ഞ്, പിരിച്ചെടുത്ത പണം ഉപയോഗിച്ച് സഭക്ക് വരുമാന മാർഗങ്ങളായ കോളേജുകൾ, ഹോസ്പിറ്റലുകൾ, സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ , നേർച്ച പള്ളികൾ തുടങ്ങിയവ യാതൊരു കടബാദ്ധ്യതയുമില്ലാതെ നിർമ്മിക്കും, നിർമ്മാണ ശേഷം ഒരു വിശ്വാസിക്കും അതിൽ അവകാശമില്ല, പൊൻ മുട്ടയിടുന്ന താറാവായി വൈദികരുടെ ആഡംബരത്തിനുമുള്ള വരുമാന മാർഗമായി സഭ കൈവശം വയ്ക്കുന്നു. ചോദിക്കാന്നും പറയാനും വിശ്വാസികൾക്കവകാശമില്ല, കാരണം വൈദികർക്ക് ശപിക്കുവാനുള്ള കഴിവുണ്ടെന്ന മിഥ്യാ ബോധമാണ് ഇതിന് പിന്നിൽ, മേൽ പറഞ്ഞ സ്ഥാപനങ്ങളിലെ വരുമാനമെല്ലാം എവിടെ പോകുന്നു എന്ന കാര്യം വിശ്വാസികളായ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.- ഇങ്ങനെ പോകുന്നു സഭയ്ക്കെതിരായ വിമർശനം.