ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ ട്രേഡ്‌ യൂണിയനുകളുടെ പ്രതിഷേധം.നഴ്സുമാരുടെ മിനിമം വേതനം: 27ന്‌ അന്തിമരൂപം നല്‍കും

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം: 27ന്‌ അന്തിമരൂപം നല്‍കും.നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ 27ന്‌ അന്തിമ രൂപം നല്‍കാന്‍ തൊഴില്‍വകുപ്പ്‌ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാനേജ്മെന്റും നഴ്സിംഗ്‌ യൂണിയനുകളും തങ്ങളുടെ നിലപാട്‌ 27ന്‌ ചേരുന്ന യോഗത്തില്‍ രേഖാമൂലം അറിയിക്കണം. മിനിമം വേതന അഡ്വൈസറി ബോര്‍ഡ്‌ ഇത്‌ പരിഗണിക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്‌ അന്തിമ പരിഗണനയ്ക്ക്‌ സമര്‍പ്പിക്കും. ഈ സാഹചര്യത്തില്‍ നഴ്സിംഗ്‌ യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന്‌ ലേബര്‍ കമ്മിഷണര്‍ കെ ബിജു സംഘടനാ പ്രതിനിധികളോട്‌ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ സമവായ നീക്കങ്ങളില്‍ നഴ്സിംഗ്‌ യൂണിയനുകള്‍ തൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ മുന്നോട്ട്‌ വച്ച കാര്യങ്ങള്‍ സംഘടനയില്‍ ചര്‍ച്ച ചെയ്ത്‌ 27ന്‌ അറിയിക്കാമെന്ന്‌ അവര്‍ സമ്മതിക്കുകയും ചെയ്തു. മാനേജ്മെന്റ്‌ പ്രതിനിധികളും സര്‍ക്കാരിന്റെ ഇടപെടലുകളില്‍ പൂര്‍ണ സഹകരണം നല്‍കാമെന്ന്‌ ഉറപ്പു നല്‍കി. തൊഴില്‍ നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ വകുപ്പ്‌ പ്രതിജ്ഞാബദ്ധമാണെന്ന്‌ ലേബര്‍ കമ്മിഷണര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന്‌ നടന്ന മിനിമം വേതന കമ്മിറ്റി യോഗത്തില്‍ ആശുപത്രി ഉടമകള്‍ എടുത്ത നിഷേധ നിലപാടിനോട്‌ ട്രേഡ്‌ യൂണിയനുകള്‍ ശക്തമായി പ്രതിഷേധിച്ചു. ട്രേഡ്‌ യൂണിയന്‍ കുറഞ്ഞ കൂലി 18,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി ഉടമകള്‍ നിലവിലുള്ള 10440 രൂപയുടെ കൂടെ 1555 രൂപയുടെ വര്‍ദ്ധനവ്‌ നല്‍കി 11995 രൂപ മിനിമം കൂലി നല്‍കാമെന്നാണ്‌ പറഞ്ഞത്‌. നഴ്സ്മാര്‍ക്ക്‌ പ്രവേശന തസ്തികയില്‍ 20,000 രൂപ നല്‍കണമെന്ന ആവശ്യവും തള്ളി അവരുടെ അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം വര്‍ദ്ധനവുമാത്രമാണ്‌ മാനേജ്മെന്റ്‌ നിര്‍ദ്ദേശിച്ചത്‌.മിനിമം വേതനതീരുമാനം നീണ്ടുപോകുന്നതില്‍ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികള്‍ വളരെ അസംതൃപ്തരാണ്‌.

Top