തൃശൂര്‍: തൃശൂര്‍: സുപ്രിം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി നാളെ മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിനിറങ്ങും. തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം.
എന്നാല്‍ സംസ്ഥാനത്ത് പനി രൂക്ഷമായ സാഹചര്യത്തില്‍ നേഴ്‌സുമാരുടെ പണിമുടക്ക് ജനദ്രോഹനടപടിയെന്നാരോപിച്ച് ആശുപത്രി മാനേജ്മെന്റിന്റെ സംഘടനയും രംഗത്തുണ്ട്.സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പനിമരണം റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. തുടര്‍ച്ചയായ പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം ജില്ലാഭരണകൂടം ഊര്‍ജിതമാക്കുന്നതിനിടയിലാണ് നേഴ്‌സുമാരുടെ സമരമെന്നതും ആശങ്കയുണ്ടാക്കുന്നു.
കേരളത്തിലെ 158 ആശുപത്രികളില്‍ ഇതിനകം യുഎന്‍എ യൂണിറ്റുകള്‍ സമര നോട്ടീസ് നല്‍കിയിരുന്നു. ശേഷിക്കുന്നിടത്ത് തിങ്കളാഴ്ച രാവിലെ കൈമാറും. നേരത്തെ നോട്ടീസ് നല്‍കിയ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27ലെ സര്‍ക്കാര്‍തല യോഗത്തിന് ശേഷമായിരിക്കും സമരം. അതേസമയം ഇവിടങ്ങളില്‍ സമര വിളംബര പ്രകടനങ്ങളും ക്യാമ്പയിനുകളും തിങ്കളാഴ്ച മുതല്‍ നടക്കും. സമരം തുടങ്ങുന്ന തൃശൂരിലെ ആശുപത്രികളില്‍ നിലവില്‍ കിടത്തി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അതീവ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും അത്യാഹിത വിഭാഗത്തില്‍ മിനിമം നഴ്സുമാരെ ഡ്യൂട്ടിക്ക് നല്‍കും. എന്നാല്‍ ഒപി വഴി പുതിയതായി കിടത്തി ചികിത്സയ്ക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. അത്യാഹിതവിഭാഗത്തില്‍ നിന്നുള്ള കേസുകളുടെ സാഹചര്യം മനസിലാക്കി നടപടി സ്വീകരിക്കും. ഇതോടൊപ്പം വിദഗ്ധ നഴ്സുമാരടങ്ങിയ പ്രത്യേക എമര്‍ജന്‍സി കീയര്‍ യൂണിറ്റ് സമര കേന്ദ്രങ്ങളില്‍ സജ്ജരാക്കി നിര്‍ത്തും.
അപകടങ്ങളുള്‍പ്പടെ അടിയന്തര ഘട്ടങ്ങളുണ്ടായാല്‍ പരിചരണത്തിന് ഇവരെ ആശുപത്രികളിലേക്ക് വിട്ടുനല്‍കും. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നിശ്ചിത നഴ്സുമാരും സമര ദിവസങ്ങളിലെ വേതനം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.
തൊഴില്‍ വകുപ്പും തൊഴില്‍ മന്ത്രിയും 15 ന് വിളിച്ച ചര്‍ച്ചകളില്‍ മാനേജ്മെന്റുകള്‍ വേതനം പുതുക്കി നല്‍കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ യൂണിയനുകളുടെയും മാനേജ്മെന്റുകളുടെയും അഭിപ്രായ സമവായം ഉണ്ടാക്കാന്‍ ലേബര്‍ കമ്മിഷണര്‍ അധ്യക്ഷനായ മിനിമം വേജസ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. വേതനം വര്‍ദ്ധിപ്പിക്കണമെന്ന യൂണിയനുകളുടെ പൊതുആവശ്യത്തോട് മാനേജ്മെന്റ് പ്രതിനിധികള്‍ വീണ്ടും നിഷേധ നിലപാട് സ്വീകരിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും പരിപൂര്‍ണ്ണമായും പണിമുടക്കാനാണ് യുഎന്‍എ സംസ്ഥാന കൗണ്‍സില്‍ തീരുമാനം.നാളെ പണിമുടക്കുന്ന നഴ്സുമാരും നഴ്സിംഗ് ഇതര ജീവനക്കാരും രാവിലെ ഒമ്പതരയോടെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഗമിക്കും. 10 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.