തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വര്‍ധനവ് നടപ്പിലാക്കല്‍ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. വേതന വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള വ്യവസായബന്ധ സമിതി ഈ മാസം 10-ാം തീയതി യോഗം ചേരും. പ്രശ്നത്തില്‍ തീരുമാനം എത്രയും വേഗം കൈക്കൊള്ളുവാനുദ്ദേശിച്ചാണ് 20-നു ചേരുവാന്‍ നിശ്ചയിച്ചിരുന്ന യോഗം നേരത്തെയാക്കിയത്.
ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടനാ പ്രതിനിധികളെയും തൊഴില്‍ വകുപ്പ് മന്ത്രി നേരില്‍ കേള്‍ക്കും. ഇക്കാര്യത്തിലെ അഭിപ്രായം സംഘടനകള്‍ക്ക് ജൂലൈ 10ന് മുന്‍പ് മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താം.മാനേജ്‌മെന്റ് പ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തൊഴിലാളികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുവാനും ഏറ്റവും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ചട്ട പ്രകാരമുള്ള നടപടികള്‍ എടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു.