കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് നഴ്‌സിംഗ് പഠനത്തിന് വേണ്ടി അന്യസംസ്ഥാനങ്ങളില്‍ പോകുന്നത്. എന്നാല്‍ നഴ്‌സിംഗ് പഠനത്തിന്റെ മറവില്‍ അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയും കേരളത്തിലെ ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടി രൂപ. ഓരോ വര്‍ഷവും തട്ടിപ്പിന് ഇരയാകുന്നത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്.
അമിത ഫീസ്, അംഗീകാരമില്ലാത്ത കോളജുകളിലെ അഡ്മിഷന്‍, വായ്പാ തട്ടിപ്പ് എന്നിവയിലൂടെയാണ് ഇത്രയും കോടി രൂപ തട്ടിയെടുക്കുന്നത്. സര്‍ട്ടിഫിക്കറ്റ് പോലും തിരികെ ലഭിക്കാതെ ആയിരത്തോളം മലയാളി വിദ്യാര്‍ത്ഥികളാണ് കബളിപ്പിക്കപ്പെട്ടത്. അന്യ സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിലെ ചൂഷണവും തട്ടിപ്പും ട്വന്റിഫോറിന്റെ ‘പഠന തട്ടിപ്പും പകല്‍ കൊള്ളയും’ എന്ന പുതിയ പരമ്പരയിലൂടെയാണ് പുറത്ത് വന്നത്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ നഴ്‌സിംഗ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത് കര്‍ണാടകയിലെ കോളജുകളെയാണ്. ഇവരെ ബംഗൂളൂരുവിലെ കോളജുകളിലേക്ക് എത്തിക്കാന്‍ ഏജന്റുമാരുമുണ്ട്. ഡിപ്ലോമ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന 800 ഓളം കോളേജുകളിലും ബിരുദവും ബിരുദാനന്തര ബിരുദവും പഠിപ്പിക്കുന്ന 450 കോളേജുകളിലുമായി 95,000 സീറ്റുകളാണുള്ളത്. ഇതില്‍ മലയാളികളില്‍ നിന്നും ആദ്യവര്‍ഷം പ്രവേശനത്തിനായി വാങ്ങുന്നത് 3.05 ലക്ഷം രൂപ.
എന്നാല്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 65,000 രൂപയാണ്. സര്‍വകലാശാല ഫീസ് 5,000 രൂപയും. രജിസ്‌ട്രേഷന്‍ ഫീസ് 2000. എന്നാല്‍ കോളജുകളില്‍ ട്യൂഷന്‍ ഫീസ് ഒരു ലക്ഷം രൂപയാണ്. മെസ് ഫീസ് 50000, മെഡിക്കല്‍ ചെക്കപ്പ് 10000, രജിസ്‌ട്രേഷന്‍ ഫീസ് 10000, യൂണിവേഴ്‌സിറ്റി ഫ്‌സ് അന്‍പതിനായിരം. ഇതെല്ലാം ചേര്‍ത്ത് 3.05 ലക്ഷം രൂപ. കര്‍ണാടകയിലെ കോളജുകളില്‍ നേരിട്ടെത്തിയാല്‍ പ്രവേശനം ലഭിക്കില്ല. ഏജന്റിനെ സമീപിക്കാനാണ് ലഭിക്കുന്ന ഉപദേശം. കേരളത്തില്‍ നഴ്‌സിംഗ് സീറ്റുകളുടെ ദൗര്‍ലഭ്യമാണ് വിദ്യാര്‍ത്ഥികളെ അന്യസംസ്ഥാനത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.