![](https://dailyindianherald.com/wp-content/uploads/2016/04/malappuram.png)
മലപ്പുറം : മങ്കട കടന്നമണ്ണയില്‍ മാതളനാരങ്ങ (ഉറുമാമ്പഴം)യുടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയാത്ര ഷംസുദ്ദീന്റെ മകള്‍ അഷീക്ക (ഷിയമൂന്ന്) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
സംഭവം നടക്കുമ്പോള്‍ അഷീക്കയും മാതാവ് അഷിഫയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പഴക്കുരുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.
ഉടന്‍ തന്നെ സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. കുട്ടിയുടെ പിതാവ് ഷംസുദ്ദീന് സൗദിയിലെ റിയാദിലാണ് ജോലി ചെയ്യുന്നത്. കബറടക്കം കടന്നമണ്ണ പാറച്ചോട്ടില്‍ ജുമാ മസ്ജിദില്‍ നടത്തി.
കഴിഞ്ഞ ദിവസം തൃശൂരില്‍ വനിത ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.