![](https://dailyindianherald.com/wp-content/uploads/2016/05/obit.png)
കുറ്റിപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാ ബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ കാലശേഷം പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്തിമയുടെയും മകനായിട്ടാണു ജനനം. മദ്‌റസാ പ്രസ്ഥാനം രൂപത്കരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. തിരൂരങ്ങാടി വലിയപള്ളി , കൊയിലാണ്ടി, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്രിയ്യ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാട്ടിപ്പരുത്തി കുഞ്ഞയിദ്രു മുസ്ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപ്പരുത്തി, ഉമ്മു ആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.