വണ്ണം കുറയ്ക്കാന്‍ മരുന്നുകഴിച്ച മിമിക്രി കലാകാരന്‍ മരിച്ചു; ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയത് മരണരകാരണമായി

കട്ടപ്പന: ശരീരഭാരം കുറയ്ക്കാനായി മരുന്ന് കഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിരാജശ്രീ ദമ്പതികളുടെ മകന്‍ മനു എസ്. നായരാ(26)ണു മരിച്ചത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന മനു കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിന്‍ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയില്‍ മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം തൊണ്ണൂറില്‍നിന്ന് 52 കിലോയായി കുറഞ്ഞു. ഈ ചികില്‍സയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ മരിച്ചനിലയിലാണ് മനുവിനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചത്. ആശുത്രിയില്‍ നിന്നാണ് കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ മനുവിനെ അവശനിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നതായി സെന്റ് ജോണ്‍സ് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികമാണെന്ന് കണ്ടെത്തി. മനുവിനെ അഡ്മിറ്റ് ചെയ്യാനും ഇന്‍സുലിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നുണ്ടെന്നും അതിനാല്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതി നല്‍കി ബന്ധുക്കള്‍ രോഗിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് പുലര്‍ച്ചെ മരിച്ച നിലയില്‍ വീണ്ടും മനുവിനെ ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കൂടിയതിനാലുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഭക്ഷണത്തില്‍ ക്രമീകരണം വരുത്തിയ മനുവിന് അടുത്തിടെ ഭക്ഷണത്തോടു താല്‍പര്യവുമില്ലായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവു വല്ലാതെ കൂടിയതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് മനുവിന്റെ ജീവനെടുത്തതെന്ന് വീട്ടുകാരും പറയുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ക്ലാസില്‍ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഒരു കോഴ്‌സിന് ആറായിരത്തോളം രൂപ വില വരുന്ന മരുന്നാണ് കഴിച്ചിരുന്നത്. ശരീരം വളരെയധികം മെലിഞ്ഞതോടെ സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ അടുത്തകോഴ്‌സ് മരുന്ന് കഴിക്കുമ്പേഴേക്കും ശരിയാകുമെന്നായിരുന്നു മനുവിന്റെ നിലപാട്. ഇതിനിടെയാണ് മരണമെത്തിയത്.

90 കിലോയോളം തൂക്കം ഉണ്ടായിരുന്ന മനു വണ്ണം കുറയ്ക്കാന്‍ മരുന്ന് കഴിച്ചിരുന്നതായി ഇയാള്‍ ജോലി ചെയ്തിരുന്ന കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ പറഞ്ഞു. നാല് മാസം മുന്‍പാണ് മരുന്ന് കഴിച്ചു തുടങ്ങിയത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ വണ്ണം പകുതിയോളം കുറഞ്ഞു. എന്നാല്‍ പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കൂടിയതായി കണ്ടെത്തി. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതേ കമ്പനിയുടെ മരുന്ന് കഴിച്ചു. ഇതിനെ തുടര്‍ന്ന് യുവാവിന് ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയുണ്ടായി.

Top