അരനൂറ്റാണ്ടിന്റെ ചരിത്രം പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ അടിതെറ്റിക്കുമോ..! അൻപതിലെത്തിയ അതികായരെ അടിതെറ്റിച്ച കേരളം ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നു

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: അൻപതു വർഷവും അതിനുമുകളിലും കേരള രാഷ്ട്രീയത്തിലെ അതികായരായി വളർന്ന നേതാക്കളെ അട്ടിമറിച്ച ചരിത്രമാണ് മലയാളിയുടെ മനസിനു പറയാനുള്ളത്. കെ.ആർ ഗൗരിയമ്മയും, ആർ.ബാലകൃഷ്ണപിള്ളയും, എം.വി രാഘവനും എന്തിന് സാക്ഷാൽ കെ.കരുണാകരനെ വരെ അടിച്ചു വീഴ്ത്തിയ ചരിത്രമാണ് കേരളത്തിലെ വോട്ടർമാർക്കുണ്ടായിരുന്നത്. അൻപതാം വർഷത്തിൽ കെ.എം മാണി നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളും കേരളം കണ്ടു. തന്റെ അൻപതാം വർഷത്തിലെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഉമ്മൻചാണ്ടിയെയും കാത്തിരിക്കുന്നതെ ഇതേ പ്രതിസന്ധികൾ തന്നെയാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
1970 ലെ തിരഞ്ഞെടുപ്പിൽ 7288 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു തുടങ്ങിയ ഉമ്മൻചാണ്ടി ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെയാണ് നേരിടുന്നത്. പുതുപ്പള്ളിയിലെ എംഎൽഎയായി 46 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടി ഇത്തവണ കൂടി മത്സരിച്ചു വിജയിച്ചു എംഎൽഎയായി അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്. 1970 ലെ കന്നയങ്കത്തിൽ സിപിഎമ്മിലെ ഇ.എം ജോർജിനെയും, 77 ൽ പി.സി ചെറിയാനെയും, 80 ൽ എംആർജി പണിക്കരെയും82 ൽ തോമസ് രാജനെയും, 87 ലും 91 ലും വി.എൻ വാസവനെയും 96 ൽ റെജി സഖറിയെയുമാണ് ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. 2001 ൽ സ്വന്തം തട്ടകത്തിൽ നിന്നു തന്നെയുള്ള ചെറിയാൻ ഫിലിപ്പിനെ ഉമ്മൻചാണ്ടിയെ നേരിടാൻ സ്വതന്ത്രനായി സിപിഎം അവതരിപ്പിച്ചു. പിന്നീട് 2006 ൽ അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയിയെയും, 2011 ൽ സുജ സൂസൻ ജോർജിനെയുമാണ് ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. 2011 ലാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഉമ്മൻചാണ്ടിക്കു ലഭിച്ചതും.
എന്നാൽ, കഴിഞ്ഞ തവണത്തേതിൽ നിന്നു ഏറെ വ്യത്യസ്തമാണ് ഇത്തവണ ഉമ്മൻചാണ്ടി നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ. ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി മത്സരിക്കുന്നില്ലെന്നു പറയേണ്ടി വന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഉത്തവണ പുതുപ്പള്ളിയിൽ അരങ്ങേറിയിരിക്കുന്നത്. സുധീരന്റെ കടുംപിടുത്തത്തെതുടർന്നാണ് ഉമ്മൻചാണ്ടിക്കു പുതുപ്പള്ളിയിൽ നിന്നു മാറി നിൽക്കേണ്ടി വരുമെന്നു പോലും ചിന്തിക്കേണ്ടി വന്നത്. ഉമ്മൻചാണ്ടിയുടെ കാര്യം പോലും ഇത്തവണ പരുങ്ങലിലായിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ മറ്റാരെങ്കിലും പുതുപ്പള്ളിയിൽ മത്സരിച്ചാൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിനു പുതുപ്പള്ളിയിൽ പരാജയം രുചിക്കേണ്ടി വരും. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി യാക്കോബാ സഭയിൽ നിന്നുള്ള യുവാവിനെയാണ് ഇടതു മുന്നണി പുതുപ്പള്ളിയിൽ മത്സരത്തിനിറക്കുന്നത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനസംഖ്യയിൽ തുല്യത പാലിക്കുന്ന ഓർത്തഡോക്‌സ് – യാക്കോബായ സഭയിലെ വോട്ടുകളെ കൃത്യമായി മുതലെടുക്കുന്നതിനു വേണ്ടി സിപിഎം ഇത്തവണ യാക്കോബായ സഭയിൽ നിന്നുള്ള മണർകാട് പള്ളി ഇടവകക്കാരനായ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസിനെയാണ് സിപിഎം ഇത്തവണ പുതുപ്പള്ളിയിൽ രംഗത്തിറക്കുന്നത്. ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നതിനൊപ്പം ഇത്തവണ ഉമ്മൻചാണ്ടിക്കെതിരായ ജനവികാരം വോട്ടാക്കാമെന്നാണ് സിപിഎംപ്രതീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top