![](https://dailyindianherald.com/wp-content/uploads/2016/03/occ-1.jpg)
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു മാർച്ച് മുതലുള്ള ആറു മാസം ഏറ്റവും മോശം സമയമായിരിക്കുമെന്നു ജ്യോതിഷൻമാരുടെ പ്രവചനം. തിരഞ്ഞെടുപ്പിനു മുൻപുള്ള വിലയിരുത്തലുകൾക്കായി മുഖ്യമന്ത്രിയുടെ ജാതകവുമായി പ്രമുഖ സിനിമാ ജ്യോതിഷനെ സമീപിച്ച വിശ്വസ്തർക്കാണ് ജ്യോതിഷന്റെ ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. ഇതേ തുടർന്നു വിവിധ സ്ഥലങ്ങളിലുള്ള ജ്യോതിഷികളെ സമീപിച്ചെങ്കിലും ഏറ്റവും മോശം സമയമായിരിക്കും അടുത്ത ആറു മാസത്തേയ്‌ക്കെന്ന മുന്നറിയിപ്പെന്നാണ് ഇവരും ഉമ്മൻചാണ്ടിക്കു നൽകിയിരിക്കുന്നത്. ഇതേ തുടർന്നു പ്രശ്‌ന പരിഹാരക്രിയകൾക്കായി ഉമ്മൻചാണ്ടിയുടെ വിശ്വസ്തർ വിവിധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജാതക പ്രകാരം ഇപ്പോൾ ശനിയുടെ നേരിയ അപഹാരമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി മണർകാട് സ്വദേശിയും യാക്കോബായ സഭാംഗവുമായ തദ്ദേശിയ വാസിയെ തന്നെ എതിരാളിയായി ലഭിച്ചതോടെ ആശങ്കയിലാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായ ആളുകൾ. മണർകാട് പള്ളിയുടെ ഇടവകാംഗവും തദ്ദേശീയ വാസിയുമായ ജെയ്ക് സി.തോമസിനെ സ്ഥാനാർഥിയാക്കിയതോടെ ഇടതു മുന്നണി ലക്ഷ്യമിട്ടതു തന്നെ ഇത്തവണ മണ്ഡലത്തിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ സ്വന്തം ഓർത്തഡോക്‌സ് സഭ സഭാ വിഷയത്തിൽ അൽപം ഇടഞ്ഞു നിൽക്കുന്നതും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇടതു മുന്നണി. യാക്കോബായ സഭയുടെ പൂർണ പിൻതുണ ജെയ്ക് ഉറപ്പാക്കിയിട്ടുമുണ്ട്.
നിയമസഭാ അംഗത്വത്തിൽ അൻപതു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രിയെ ചരിത്രത്തിൽ ആദ്യമായി അട്ടിമറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഇടതു മുന്നണി സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത്. സ്ഥാനാർഥിയെ ആദ്യം തന്നെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചതോടെ ആദ്യ ഘട്ടത്തിൽ മേൽക്കൈ നേടാൻ സാധിച്ചു എന്ന വിശ്വാസമാണ് ഇത്തവണ ഇടതു മുന്നണി്ക്കുള്ളത്. വിദ്യാർഥി നേതാവായ ജെയ്ക് പുതുപ്പള്ളി മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ടതാണെന്നതും ഇടതു മുന്നണിക്കു ഏറെ പ്രതീക്ഷ നൽകുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 25,000 വോട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇടതു മുന്നണിയുടെ യുവ സ്ഥാനാർഥിക്കു അനുകൂലമായ വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും