സ്‌പോട്‌സ് ഡെസ്‌ക്
സാന്റാ ക്ലാര: പ്രതിരോധക്കോട്ട കെട്ടി ബ്രസീലിനെ പോലും പിടിച്ചു കെട്ടിയിട്ടുള്ള മെക്‌സിക്കൻ പോരാളികൾ ചിലിയുടെ കൂട്ടായ അക്രമണത്തിനു മുന്നിൽ പകച്ചു വീണു. നെയ്മറുടെ ആക്രമണങ്ങളെ നെഞ്ചുറപ്പോടെ തടഞ്ഞു നിർത്തിയ ഗില്ലർമോ ഒച്ചാവോയ്ക്കു നൂറ്റാണ്ടിന്റെ കോപ്പ ക്വാർട്ടറിൽ കാലിടറിയത് ഏഴു തവണ. പതിനാറാം മിനിറ്റിൽ എഡ്‌സൺ പഞ്ചിലൂടെ ആക്രമണം തുടങ്ങി വച്ച ചിലി വർഗാസിന്റെ നാലു ഗോളിലൂടെ പിടിച്ചു കയറി ആക്രമണം അവസാനിപ്പിച്ചത് 88-ാം മിനിറ്റിൽ പഞ്ചിലൂടെ തന്നെയായിരുന്നു. ബാക്കിയുണ്ടായിരുന്ന ഏക ഗോൾ സൂപ്പർ താരം അലക്‌സി സാഞ്ചസും വീതം വച്ചെടുത്തുന്നു.
ചിലിയുടെ ചുവപ്പുകുപ്പായത്തിൽ ഇന്നലെ മിന്നൽ പിണറുകൾ മാത്രമായിരുന്നു സാന്റാ ക്ലാരായിലെ കളത്തിൽ കണ്ടത്. മെക്‌സിക്കോയുടെ ബോക്‌സിനു നേരെ 18 തവണയാണ് ചിലി ലക്ഷ്യം വച്ചത്. നാലു തവണ ഗോൾ പോസ്റ്റിനു മുന്നിലേയ്ക്കു പന്ത് പാസ് ചെയ്തു നൽകിയ ചിലിയുടെ കൈവശമായിരുന്നു 60 ശതമാനവും പന്ത്. പതിനാറാം മിനിറ്റിൽ എഡ്‌സൺ പഞ്ച് തുടങ്ങി വച്ച് ആക്രമണം 88-ാം മിനിറ്റിൽ പഞ്ച് തന്നെ അവസാനിപ്പിക്കുകയായിരുന്നു.
44, 52, 57, 74 മിനിറ്റുകളിലായി ഹാട്രിക്ക് അടക്കം നാലു ഗോളുകൾ വർഗാസ് നേടിയപ്പോൾ 49 -ാം മിനിറ്റിൽ ഒരു ഗോൾ നേടി സാഞ്ചസ് പട്ടിക പൂർത്തിയാക്കി. ചിലികൂടി എത്തിയതോടെ കോപ്പയുടെ സെമി ലൈനപ്പ് പൂർത്തിയായി. മാർച്ച് 29 നു നടക്കുന്ന മത്സരത്തിൽ ആതിഥേയരായ യുഎസ്എ അർജന്റീനയെ നേരിടുമ്പോൾ, 30 നു കൊളംബിയയും ചിലിയും ഏറ്റുമുട്ടും. ജൂൺ 25 നു മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരവും, 26 നു നൂറ്റാണ്ടിന്റെ കോപ്പയുടെ ഫൈനലും നടക്കും.